തിരുവനന്തപുരം > യുപിയും മധ്യപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് ഡോസ് കോവിഡ് വാക്സിൻ കെട്ടിക്കിടക്കുമ്പോഴാണ് കേരളത്തിന് കേന്ദ്രം വാക്സിൻ മുട്ടിക്കുന്നതെന്ന് കണക്കുകൾ. വാക്സിൻ രജിസ്ട്രേഷനുള്ള കേന്ദ്ര സർക്കാരിന്റെ കോവിൻ പോർട്ടലിൽ യുപി, മധ്യപ്രദേശ്, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വാക്സിൻ സ്ലോട്ടുകൾ സുലഭം.
നൂറുമുതൽ മുന്നൂറുവരെ സ്ലോട്ടുകളാണ് ഓരോ വിതരണകേന്ദ്രത്തിലും ഒഴിവുള്ളത്. വാക്സിൻ കേന്ദ്രങ്ങളിൽ ആളുകൾ എത്തുന്നില്ല. കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ ആഗസ്ത് ഒന്നുവരെയുള്ള സ്ലോട്ടുകൾ ലഭ്യമാണെങ്കിലും രജിസ്ട്രേഷന് ആളില്ല. ഈ ഡോസുകൾ സ്റ്റോക്കായി അതത് സംസ്ഥാനത്ത് ബാക്കിയുണ്ടാകുമ്പോഴും കേന്ദ്രസർക്കാർ ഇവിടേയ്ക്ക് വാക്സിൻ വിതരണം മുടക്കുന്നില്ല. വാക്സിൻ പാഴാക്കുന്നതിലും ഈ സംസ്ഥാനങ്ങളാണ് മുന്നിൽ. കേരളത്തിലാകട്ടെ ഒരു തുള്ളിപോലും പാഴാക്കാതെയാണ് വാക്സിനേഷൻ.
ഒരുമാസത്തേക്കെങ്കിലുമുള്ള വാക്സിൻ ഒരുമിച്ച് നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ട് മാസങ്ങളായെങ്കിലും ലഭിച്ചിട്ടില്ല. കോവിൻ പോർട്ടലിൽ കേരളത്തിലെ വിതരണകേന്ദ്രങ്ങളിൽ സ്ലോട്ട് ലഭ്യമാകുന്നതിന് സമയമെടുക്കും. കൂടുതൽ പേർക്ക് സ്മാർട്ട്ഫോണും ഇന്റർനെറ്റ് സൗകര്യവും ഉള്ളതിനാൽ പോർട്ടലിൽ തിരക്ക് കൂടുതലാണ്. പ്രതിദിനം നാലര ലക്ഷംവരെ ഡോസ് നൽകി കേരളം റെക്കോഡിട്ടു. ഇതൊന്നും കേന്ദ്രം കണക്കിലെടുക്കുന്നില്ല. ഇതര സംസ്ഥാനങ്ങൾ വാക്സിനേഷനോട് മുഖംതിരിച്ചതും അവിടെ വാക്സിൻ കെട്ടിക്കിടക്കാൻ കാരണമായി.