ന്യൂഡൽഹി
പ്രതിസന്ധി നേരിടാന് കൂടുതൽ കോവിഡ് വാക്സിൻ അനുവദിക്കണമെന്ന കേരളത്തിന്റെ നിരന്തര സമ്മര്ദ്ദത്തിന് കേന്ദ്രം വഴങ്ങുന്നു. വാക്സിൻ ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. സംസ്ഥാനത്തിന്റെ ആവശ്യമുന്നയിച്ച് ഇടത് എംപിമാർ സന്ദര്ശിച്ചപ്പോഴാണ് മന്ത്രി ഉറപ്പ് നല്കിയത്. മികച്ചനിലയില് വാക്സിന്യജ്ഞം നടത്തുന്ന കേരളത്തിന്റെ പ്രവർത്തനത്തെ മന്ത്രി പ്രശംസിച്ചു. ഊഴമനുസരിച്ച് സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുമ്പോൾ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണനയും നൽകാമെന്നും അറിയിച്ചു.
എല്ലാവർക്കും വാക്സിൻ നൽകുക എന്നതാണ് സംസ്ഥാന നയമെന്ന് മന്ത്രിക്ക് നല്കിയ നിവേദനത്തിൽ എംപിമാർ ചൂണ്ടിക്കാട്ടി. നിലവിൽ 54.42 ശതമാനം (1.30 കോടി) പേര്ക്ക് ആദ്യ ഡോസും 23 ശതമാനം (56 ലക്ഷം) പേർക്ക് രണ്ട് ഡോസും നൽകി. ഈ മാസം 18 മുതൽ 24 വരെ 18 ലക്ഷം പേര്ക്ക് വാക്സിൻ നൽകി. ശനിയാഴ്ചമാത്രം 4.88 ലക്ഷത്തിലധികം പേർക്ക് നൽകി.
കേന്ദ്രത്തിൽനിന്ന് ആവശ്യത്തിന് വാക്സിൻ ലഭിക്കുന്നില്ലെന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതുവരെ ലഭിച്ച വാക്സിനിൽനിന്ന് ഒരു തുള്ളിപോലും സംസ്ഥാനം പാഴാക്കിയിട്ടില്ല. ലഭിച്ച ഡോസുകളിൽ കേരളത്തിന്റെ ഉപയോഗനിരക്ക് 105.8 ശതമാനമാണ്. എന്നാൽ, ഒരു ദിവസത്തെ കുത്തിവയ്പിനുപോലും വാക്സിന് സ്റ്റോക്കില്ല. ജൂലൈ എട്ടിന് എത്തിയ കേന്ദ്രസംഘത്തോട് 90 ലക്ഷം ഡോസുകൂടി അടിയന്തരമായി ലഭ്യമാക്കാൻ അഭ്യർഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽ കണ്ടും കേരളത്തിന് അധിക ഡോസ് വാക്സിൻ നൽകണമെന്ന് അഭ്യർഥിച്ചതും -നിവേദനത്തിൽ ചൂണ്ടിക്കാട്ടി. എളമരം കരീം, ബിനോയ് വിശ്വം, ഡോ. വി ശിവദാസൻ, കെ സോമപ്രസാദ്, എ എം ആരിഫ്, എം വി ശ്രേയാംസ്കുമാർ, ജോൺ ബ്രിട്ടാസ് എന്നിവരാണ് മന്ത്രിയെ കണ്ടത്.