തിരുവനന്തപുരം
സംസ്ഥാനത്ത് സർക്കാർ കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം ബുധനാഴ്ച പൂർണമായി മുടങ്ങിയേക്കും. കേന്ദ്രസർക്കാർ കൂടുതൽ വാക്സിൻ ലഭ്യമാക്കാത്തതോടെ ജില്ലകളിൽ സ്റ്റോക്ക് തീർന്നു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ചൊവ്വാഴ്ച വാക്സിനേഷൻ നടന്നില്ല. കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കോവാക്സിൻ മാത്രമാണ് നൽകിയത്.
കേന്ദ്രം സംസ്ഥാനത്തിന് ഇതുവരെ നൽകിയത് 1.66 കോടി ഡോസാണ്. അതുപയോഗിച്ച് 1.87 കോടിയോളം പേർക്ക് വാക്സിൻ നൽകി. അധികം നൽകിയത് 22 ലക്ഷത്തോളം ഡോസ്. ഇതിനിടെയാണ് അഞ്ച് ദിവസംമുമ്പ് കേരളത്തിൽ 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിക്കാതെ കിടക്കുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞത്. അഞ്ച് ലക്ഷം ഡോസ്മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഈ പ്രസ്താവന. ജനസംഖ്യാനുപാതികമായി വാക്സിൻ നൽകിയതിൽ കേരളം ഒന്നാമതാണ്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് വാക്സിൻ വിതരണ നിരക്ക്.
കേരളത്തിന് കൂടുതൽ വാക്സിൻ ഉടൻ അനുവദിക്കുമെന്ന് ഇടത് എംപിമാർക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയ പ്രതീക്ഷയിലാണ് സംസ്ഥാനം. എന്നാൽ എപ്പോൾ, എത്ര അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. സ്വകാര്യ ആശുപത്രി വഴിയുള്ള വാക്സിൻ വിതരണം ലഭ്യതയനുസരിച്ച് സാധാരണപോലെ തുടരും.