വടകര
അഞ്ചുദിവസത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ കോടിപതിയെ കണ്ടെത്തി. ലൈഫ് വിഷു ബമ്പർ ലോട്ടറിയിൽ 10 കോടി ഒന്നാം സമ്മാനം ലഭിച്ചത് വടകര തിരുവള്ളൂരിലെ നിർമാണത്തൊഴിലാളി തറോപൊയിൽ ടി പി ഷിജു(39)വിന്. വടകര ബി കെ ഏജൻസി മുഖേന വിറ്റ ‘ബി ആർ 79 എൽബി 430240‘ ടിക്കറ്റിനാണ് സമ്മാനം. മെയ് 23ലെ നറുക്കെടുപ്പ് കോവിഡ് പശ്ചാത്തലത്തിലാണ് ജൂലൈ 22ലേക്ക് മാറ്റിയത്.
ദിവസവും ഒന്നിലേറെ ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണ് ഷിജു. മണിയൂർ സ്വദേശി രാജനിൽനിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക എന്ത് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഷിജു പറഞ്ഞു. ടിക്കറ്റ് വടകര കനറാ ബാങ്കിൽ ഏൽപ്പിച്ചു. സഹോദരൻ ഷിജിത്തിനൊപ്പമാണ് താമസം. അച്ഛൻ: പരേതനായ കണ്ണൻ. അമ്മ: ജാനു.















