കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയിലാണ് രാവിലെ 10.30ന് വിധി പ്രസ്താവിക്കുക. സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയാൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള ആറ് പ്രതികള്‍ കേസിൽ വിചാരണ നേരിടേണ്ടി വരും.
നേരത്തെ ഈ കേസിൽ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു. നിയമസഭയിൽ എംഎൽഎമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സംസ്ഥാ ബജറ്റ് തടയാൻ ശ്രമിച്ചത് എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നൽകുന്നത് എന്ന് കോടതി വിമര്‍ശിച്ചിരുന്നു. നിയമസഭയ്ക്കുള്ളിലെ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേള്‍ക്കവേ കോടതി വ്യക്തമാക്കിയിരുന്നു.
വാദത്തിനിടെ കോടതി നടത്തിയ വിമര്‍ശനങ്ങള്‍ വിധിയിലും പ്രതിഫലിച്ചാൽ ഭരണതുടര്‍ച്ച കിട്ടിയ പിണറായി സര്‍ക്കാരിന് വലിയ തിരിച്ചടിയാകും.
കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി ശിവൻകുട്ടി, മുൻമന്ത്രിമാരായ ഇപി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. 2015ൽ അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിന് വേണ്ടി പ്രതിപക്ഷമായിരുന്ന എംഎൽഎമാര്‍ കയ്യാങ്കളി നടത്തുകയും സ്പീക്കറുടെ ഡയസ് അടക്കം തകര്‍ത്ത് എറിയുകയുമായിരുന്നു.
പിന്നീട്, ഇതേ കേസ് പരിഗണിക്കുമ്പോള്‍ ഇന്ന് എൽഡിഎഫ് പക്ഷത്തുള്ള കെഎം മാണി അഴിമതിക്കാരൻ ആയിരുന്നുവെന്ന വാദിച്ചത് വലിയ വിവദാമായിരുന്നു. സര്‍ക്കാരിന് വേണ്ടി ഹാജരായ മുൻ സോളിസിറ്റര്‍ ജനറൽ കൂടിയായ രഞ്ജിത്ത് കുമാറാണ് ഇക്കാര്യം വാദിച്ചത്.