ന്യൂഡൽഹി
രാജ്യത്ത് രണ്ടേകാൽ വർഷത്തിനിടെ ബാങ്കുകളില്നിന്ന് 500 കോടിക്കുമേല് പണം തട്ടിയ 165 കേസുകളുണ്ടെന്ന് രാജ്യസഭയിൽ വെളിപ്പെടുത്തൽ. പൊതു, സ്വകാര്യ മേഖലാ ബാങ്കുകളിലെമാത്രം കണക്കാണ് ഇത്. വിദേശ ബാങ്കുകളുടെ തട്ടിപ്പ് പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനസഹമന്ത്രി ഭഗവത് കാരാഡ് മറുപടി നല്കി.
ആർബിഐ റിപ്പോർട്ടുപ്രകാരം 2019–-20ല് മാത്രം 500 കോടിക്കുമുകളില് തട്ടിപ്പുണ്ടായത് 79 കേസില്. 2020–-21ല് 73 കേസും 2021–-22ല് ജൂലൈ 15 വരെ 13 കേസും ഉണ്ട്.
ഈടുകളില് ഇളവ് നല്കല്, പണയസ്വത്തിന്റെ അന്യായ കൈമാറ്റം, ഫണ്ട് വകമാറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ഇത്രയേറെ തുകയുടെ തട്ടിപ്പുകള് അരങ്ങേറിയത്. 50 കോടിക്കുമേലെ വരുന്ന ഏത് കിട്ടാക്കടവും തട്ടിപ്പാണോ എന്ന് പരിശോധിക്കാന് നിര്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കിട്ടാക്കട കേസുകളിൽ കടമെടുത്തയാളെക്കുറിച്ച് കേന്ദ്ര സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോയിൽനിന്ന് റിപ്പോർട്ട് തേടണം. 50 കോടിയിലേറെ വായ്പയെടുക്കുന്ന കമ്പനികളുടെ ഡയറക്ടർമാർ, പ്രൊമോട്ടർമാർ തുടങ്ങിയവരുടെ പാസ്പോർട്ട് പകർപ്പ് ശേഖരിക്കണമെന്ന് ബാങ്കുകളോട് നിര്ദേശിച്ചെന്നും മന്ത്രി അറിയിച്ചു.