കൊല്ലം
കുണ്ടറയിൽ എൻസിപി നേതാവിനെതിരെ പീഡനപരാതി നൽകിയ യുവതി കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്ന് മുമ്പാകെ ബുധനാഴ്ച മൊഴി നൽകും. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണമെന്നു കാണിച്ച് കുണ്ടറ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. യുവതിക്ക് കോടതി സമൻസ് അയച്ചു.
എൻസിപി നേതാവ് പത്മാകരൻ കടയിൽ വിളിച്ചുകയറ്റി കൈയിൽ കയറി പിടിച്ചെന്നാണ് യുവതിയുടെ ആരോപണം. പത്മാകരന്റെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് ക്യാമറകളുടെ ബാക്ക്അപ് ഫോറൻസിക് വിഭാഗത്തിനു കൈമാറും. കോടതിയുടെ അനുമതിയോടെയാണ് കൈമാറുക. പരാതിയിൽപറയുന്ന സംഭവം നടന്നിട്ടില്ലെന്ന് കടയിലെ ജീവനക്കാർ മൊഴിനൽകി. പത്മാകരൻ യുവതിയെ കടയിലേക്ക് വിളിച്ചതിനും തെളിവില്ല. പരാതിക്കുപിന്നിൽ രാഷ്ട്രീയ പ്രശ്നങ്ങളാണെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മൊഴി യുവതി നൽകിയില്ലെങ്കിലും കേസ് അന്വേഷിച്ച് തീർപ്പാക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.