കോഴിക്കോട് > ജമാഅത്തെ ഇസ്ലാമിയുടെ താത്വിക വാരിക ‘പ്രബോധന’ത്തിന് മുസ്ലിംലീഗ് നേതാവിന്റെ ഗുഡ് സർട്ടിഫിക്കറ്റ്. കെ പി എ മജീദ് എംഎൽഎയാണ് മതരാഷ്ട്രവാദികളുടെ മുഖവാരികയെ പ്രകീർത്തിച്ചത്.
മജീദിനും ഒരു വിഭാഗം നേതാക്കൾക്കുമുള്ള ‘ജമാഅത്തെ പ്രേമത്തിന്റെ’ ഭാഗമാണിതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് തോൽവിയിൽ പാഠം പഠിക്കാതെ മതതീവ്രവാദബന്ധം തുടരുന്നതിലുള്ള രോഷം ലീഗ് പ്രവർത്തകരും പ്രകടിപ്പിക്കുന്നു.
ജമാഅത്തെ സംഘടിപ്പിച്ച ‘പ്രബോധനദിന’ത്തിൽ പങ്കാളിയായി കഴിഞ്ഞ ദിവസമായിരുന്നു മജീദിന്റെ പ്രതികരണം. ‘സമന്വയത്തിന്റെ പ്രബോധന’മെന്നായിരുന്നു വാരികക്ക് നൽകിയ വിശേഷണം. സമുദായത്തിനിടയിൽ അഭിപ്രായവ്യത്യാസങ്ങളും വിഭാഗീയതയും പെരുപ്പിച്ച് കാണിക്കാൻ വാരിക ശ്രമിച്ചിട്ടില്ലെന്ന സർട്ടിഫിക്കറ്റും നൽകി.
ചരിത്രവിരുദ്ധമായ പ്രസ്താവനയാണിതെന്നാണ് സമസ്ത, മുജാഹിദ് നേതാക്കളുടെ നിരീക്ഷണം. സുന്നി, മുജാഹിദ് പ്രസ്ഥാനങ്ങളെ ഭിന്നിപ്പിക്കാനും തകർക്കാനും നിരന്തരം ശ്രമിച്ചതാണ് പ്രബോധനചരിത്രമെന്നും അവർ പറയുന്നു. ദൈവിക ഭരണകൂടത്തിനായി വാദിക്കുന്നവരുടെ ആശയധാരയെ പിന്തുണയ്ക്കുന്ന സമീപനം ലീഗ് അംഗീകരിക്കുന്നുവോ എന്നാണ് ചോദ്യം. ലീഗ് ഭരണത്തിലടക്കം ജമാഅത്തെയെയും പ്രബോധനത്തെയും നിരോധിച്ച ചരിത്രം ഓർമിപ്പിച്ചാണ് പ്രവർത്തകരുടെ എതിർപ്പ്.
പാർടി മുഖപത്രം ‘ചന്ദ്രിക’യെ കാണാതെയുള്ള നിലപാട് ജമാഅത്തെ–-ലീഗ് രഹസ്യധാരണ ഇപ്പോഴും ശക്തമാണെന്നതിന്റെ സൂചനയാണെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി–-യുഡിഎഫ് ധാരണക്കായി സജീവമായി പ്രവർത്തിച്ച ലീഗ് നേതാക്കളിൽ പ്രധാനിയായിരുന്നു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ മജീദ്.