കൽപ്പറ്റ
‘പരമ്പരാഗത കോൺഗ്രസുകാരായ ഞങ്ങൾ ജീവന് തുല്യം സ്നേഹിച്ച പാർടി നേതാക്കൾ വഞ്ചിച്ചു. സാധാരണ കർഷകനായ ഞാൻ ബാങ്ക് വായ്പയെടുത്താണ് മൂന്നുലക്ഷം രൂപ നേതാക്കൾക്ക് കോഴയായി നൽകിയത്. മകന് ജോലി കിട്ടിയില്ല. വാങ്ങിയ പണമെങ്കിലും പലിശസഹിതം തിരികെ തരണം’. അമ്പലവയൽ ആനപ്പാറ മാളികയിൽ പുത്തൻപുര ഷാജി, മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നൽകിയ പരാതിയാണിത്.
കാർഷിക വികസന ബാങ്കിന്റെ കൽപ്പറ്റ റീജിയണൽ ഓഫീസിൽ മകന് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നെന്മേനി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മൂന്നുലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. ഉയർന്ന ശമ്പളത്തിൽ സ്ഥിരം ജോലി നൽകാമെന്നായിരുന്നു വാക്ക്. തുച്ഛവേതനത്തിന് താൽക്കാലിക നിയമനമാണ് നൽകിയത്. ശമ്പളം സമയത്തിന് കിട്ടിയില്ല. ഇതോടെ ജോലി വേണ്ട, പണം പലിശസഹിതം തിരികെ നൽകിയാൽ മതിയെന്ന് പറഞ്ഞ് നേതാവിനെ സമീപിച്ചു.
പോസ്റ്റ് സ്ഥിരമാക്കാകാമെന്ന് പറഞ്ഞ് ഇദ്ദേഹം വീണ്ടും വഞ്ചിച്ചു. ഈ തസ്തിക സ്ഥിരപ്പെടുത്താൻ കഴിയില്ല എന്നറിഞ്ഞാണ് വഞ്ചിച്ചതെന്നും ഷാജിയുടെ പരാതിയിലുണ്ട്.
2021 ഫെബ്രുവരി 21നാണ് ഷാജി മുല്ലപ്പള്ളിക്ക് പരാതി നൽകിയത്. ഇത് കെപിസിസിയും അവഗണിച്ചു. തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഉറപ്പ് വിഴുങ്ങി. ബത്തേരി താലൂക്കിലെ സഹകരണ സ്ഥാപനങ്ങളിൽ നിയമനം നൽകുന്നതിന് ഉദ്യോഗാർഥികളിൽനിന്ന് 35––45 ലക്ഷം രൂപവരെ കോൺഗ്രസ് നേതാക്കൾ കോഴ വാങ്ങിയെന്നാണ് ആരോപണം.