തൃശൂർ
ജലനിരപ്പ് ഉയർന്നതിനാൽ പീച്ചി അണക്കെട്ടിന്റെ നാല് ഷട്ടറുകളും രണ്ടിഞ്ചു വീതം തുറന്നു. ജലനിരപ്പ് 76. 65 മീറ്ററായി ഉയർന്നതോടെയാണ് ചൊവ്വാഴ്ച രാവിലെ പത്തിന് ഷട്ടറുകൾ തുറന്നത്. ഡാമിന്റെ പരമാവധി ജലവിതാനം 79. 25 മീറ്ററാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതോടെ നീരൊഴുക്ക് വർധിച്ച് റിസർവോയറിലെ ജലവിതാനം 76.65 മീറ്റർ കടന്നു. 2018ലെ പ്രളയത്തിനുശേഷമാണ് ഒരുമാസം അണക്കെട്ടിൽ സംഭരിക്കാവുന്ന വെള്ളത്തിന്റെ പരമാവധി ജലനിരപ്പ് 76.65 മീറ്ററായി നിശ്ചയിച്ചത്.
94. 946 ദശലക്ഷം ഘനമീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഷട്ടറുകൾ തുറന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകേന്ദ്രം നിർദേശിച്ചിട്ടുണ്ട്. കരുവന്നൂർ, മണലിപ്പുഴകളുടെ ഇരുകരയിലും താമസിക്കുന്നവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തി.