തിരുവനന്തപുരം
പട്ടയഭൂമിയിൽ നട്ടുവളർത്തിയതും സ്വാഭാവികമായി വളർന്നതുമായ മരം മുറിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയത് മലയോര കർഷകരുടെ സംരക്ഷണം പരിഗണിച്ചാണെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. 2005ലെ വനേതര ഭൂമിയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട നിയമത്തിന്റെ ആറാം വകുപ്പ് പ്രകാരം ചന്ദനം ഒഴികെയുള്ളവ മുറിക്കാമെന്ന് നിർദേശിച്ചു. 1964ലെ ഭൂമി പതിവ് ചട്ടത്തിനും അനുസൃതമായിരുന്നു നിർദേശം. കേരള പ്രൊമോഷൻ ഓഫ് ട്രീ ഗ്രോത്ത് ഇൻ നോൺ ഫോറസ്റ്റ് ഏരിയാസ് ആക്ടിലെ വ്യവസ്ഥകൾ വ്യക്തമായിരുന്നതിനാൽ നിയമോപദേശം ആവശ്യമുണ്ടായില്ല. വനം, റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാട് മറികടന്ന് ഉത്തരവിറക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നൽകിയില്ലെന്നും ചോദ്യോത്തര വേളയിൽ മന്ത്രി വ്യക്തമാക്കി.
ഉത്തരവിൽ ആശങ്ക അറിയിച്ചത് വയനാട് കലക്ടർ മാത്രമാണ്. ഇതിനുമുന്നേ മുൻ റവന്യൂമന്ത്രി വിശദമായി പരിശോധിക്കാനും ഉത്തരവ് റദ്ദാക്കുന്നത് പരിഗണിക്കാനും നിയമവകുപ്പിന് കത്ത് നൽകി. വനം, -റവന്യൂ വകുപ്പുകളിൽ അഭിപ്രായവ്യത്യാസമില്ല. കലക്ടർമാരുടെയും വനംവകുപ്പിന്റെയും റിപ്പോർട്ടിലാണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചത്. 16 കോടി രൂപയുടെ മരം നഷ്ടപ്പെട്ടു. പത്തുകോടിയുടെ തടി പിടിച്ചെടുത്തു. സർക്കാരിന് ഒരു രൂപപോലും നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കും. അനധികൃതമായി മരം മുറിച്ചവരെ സംരക്ഷിക്കില്ല. വനഭൂമിയിൽനിന്ന് മരം മുറിച്ചെങ്കിൽ കർശന നടപടിയുണ്ടാകും. വിഷയത്തിൽ പഞ്ച് ഡയലോഗ് മാത്രമല്ല, പഞ്ച് നടപടികളുമുണ്ടാകുമെന്ന് പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് മന്ത്രി മറുപടി നൽകി.