തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് നിത്യസാക്ഷിയായ വടക്കുന്നാഥക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ മേൽക്കൂര ചരിയുന്നു. പുറമേക്ക് ദൃശ്യമല്ലെങ്കിലും പല തൂണുകളും നോക്കിയാൽ ചരിവ് വ്യക്തമാകും. കൊത്തുപണികൾ പലതും ചിതല് തിന്നുതീർത്തു. അകംനിറയെ ചോർച്ച. എന്നിട്ടും കേന്ദ്ര പുരാവസ്തു വകുപ്പ് ഉൾപ്പെടെയുള്ളവരുടെ നോട്ടം ഇങ്ങോട്ട് എത്തിയിട്ടില്ല.
ഗോപുരത്തിന്റെ തകർച്ച ഇപ്പോൾ തുടങ്ങിയതല്ല. മരംകൊണ്ടുള്ള ബീമുകൾ മുമ്പേ താഴ്ന്നുതുടങ്ങിയിരുന്നു. ഇഷ്ടികകൊണ്ടുള്ള തൂണുകൾ ഇടയ്ക്ക് നിർമിച്ചാണ് പ്രതിവിധികണ്ടത്. അതുകൊണ്ടാണ് ഗോപുരം വീഴാതെ നിൽക്കുന്നതെന്ന് പറയാം. പക്ഷേ, പഴയനിർമിതിയുടെ ബലക്ഷയം ഇല്ലാതാക്കാനുള്ള പണികൾ ഒന്നും നടന്നില്ല. മൂന്നുനിലയാണ് ഗോപുരത്തിന്. രണ്ടാം നിലയിലാണ് മരത്തിന്റെ ആകർഷകമായ തട്ടുള്ളത്. ഇതിലെ തൂണുകളിലും കഴുക്കോലുകളിലും നിറയെ കൊത്തുപണികളാണ്. ഇതിലാണ് ചിതലരിച്ചിരിക്കുന്നത്. നവീകരണത്തിന് ഒന്നരക്കോടിരൂപയെങ്കിലും വേണമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഗോപുരനടയ്ക്ക് സ്പാൻ താങ്ങ് പുരാവസ്തുവകുപ്പ് വക
ഗോപുരനടയ്ക്കു മുകളിലെ മരപ്പലകകൾ ഇളകിയപ്പോഴാണ് പുരാവസ്തുവകുപ്പ് ശ്രദ്ധിച്ചത്. ഗോപുരം കടക്കുന്നവരുടെ തലയിൽ വീഴാതിരിക്കാൻ ഇരുമ്പ് സ്പാനുകൾ സ്ഥാപിച്ചു. പൂരസമയത്ത് ഇവ എടുത്തുമാറ്റണമെന്ന ആവശ്യംവന്നു. ആനകൾ ഇതുവഴി വരുമെന്നതിനാലായിരുന്നു ഇത്. സ്പാൻ എടുത്തുമാറ്റിയാൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഉത്തരവാദികൾ ആയിരിക്കില്ലെന്ന് അവർ കൈകഴുകി. അപ്പോഴും പലകകൾ ഇളകിവീഴാതിരിക്കാനുള്ള വഴി നോക്കിയില്ല. ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികൾ എല്ലാം കേന്ദ്ര പുരാവസ്തുവകുപ്പിന്റെ അനുമതിയോടെ മാത്രമേ നടത്താനാകൂ. അറ്റകുറ്റപണികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് പറയാനാവില്ല എന്നാണ് മറുപടി.
കിഴക്കേ ഗോപുരത്തിൽ ചോർച്ച കൂടിയപ്പോൾ ഓട് മാറ്റിമേഞ്ഞത് ക്ഷേത്രം ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ്. പിന്നീട് ഒന്നും നടന്നിട്ടില്ല. ചുവരിലെ കൊത്തുപണികളിൽ കുമ്മായം മൂടിയിരിക്കുന്നു. ഗോപുരത്തിന്റെ പുറമെനിന്നു കാണുന്ന ഭാഗത്തെല്ലാം ഇതാണ് സ്ഥിതി.
Content Highlight: Vadakkunnathan Temple