തിരുവനന്തപുരം
സംസ്ഥാനത്തെ ഒമ്പത് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് എയർവാൻ സർവീസ്. ആദ്യപടിയായി ബേക്കൽ, വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കും. എട്ടുമുതൽ പത്ത് സീറ്റ് വരെയുള്ള ഒറ്റ എൻജിൻ വിമാനങ്ങൾ സർവീസുകൾ നടത്തുന്ന പദ്ധതി വിഭാവനം ചെയ്തതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. പദ്ധതിക്ക് കാസർകോട് പെരിയ വില്ലേജിൽ 80 ഏക്കർ ഭൂമി കണ്ടെത്തിയതായി സി എച്ച് കുഞ്ഞമ്പുവിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
പദ്ധതിക്കായി ഇലക്ട്രോണിക്സ് ടോട്ടൽ സ്റ്റേഷൻ സർവേ പൂർത്തീകരിച്ചു. സാമൂഹ്യ ആഘാതപഠനവും പൂർത്തിയായി. പദ്ധതിയുടെ പ്രായോഗികവശം പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കാൻ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദിഷ്ട എയർ സ്ട്രിപ്പിന് ബേക്കലിൽ തെരഞ്ഞെടുത്ത ഭൂമി ഈ ആവശ്യത്തിന് ഉതകുന്നതാണോ എന്നതുസംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കാൻ മഹീന്ദ്ര ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ട മറ്റു വിശദാംശം ലഭ്യമാക്കാൻ ഗതാഗത വകുപ്പ് കാസർകോട് കലക്ടറോടും നിർദേശിച്ചു. ഇവ ലഭ്യമാക്കുന്ന മുറയ്ക്ക് സാധ്യമായ തുടർനടപടി സ്വീകരിക്കും.
പെരിയയിൽ എയർസ്ട്രിപ് നിർമിക്കാൻ സർക്കാർ നേരത്തെ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. മംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിൽ വിമാനത്താവളം ഉള്ളതിനാലും നിർദിഷ്ട പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഭൂമി കുന്നിൻമുകളിൽ ആയതിനാലും പൂർണതോതിലുള്ള വിമാനത്താവളം പ്രായോഗികമല്ലെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റൈറ്റ് ഓഫ് വേ പോർട്ടൽ വിപുലീകരിക്കും
പൊതുമരാമത്ത് വകുപ്പിനുകീഴിൽ സജ്ജമാക്കിയ റൈറ്റ് ഓഫ് വേ പോർട്ടൽ വിപുലീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രാഥമിക പരിശോധനകൾ നടത്തി. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും റോഡ് കുഴിച്ചുള്ള പ്രവൃത്തികൾക്ക് അനുമതി നൽകുന്നത് ഏകോപിപ്പിക്കാനാണ് വെബ്പോർട്ടൽ ആരംഭിച്ചത്. മുറിച്ച റോഡിന്റെ പുനർനിർമാണത്തിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ചോദ്യോത്തര വേളയിൽ മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ദേശീയപാതയുടെ 70 ശതമാനം നിയന്ത്രണം ദേശീയപാതാ അതോറിറ്റിക്കാണ്. അറ്റകുറ്റപ്പണിക്ക് പ്രയാസം നേരിടുന്നത് പരിഹരിക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്ക് കത്തെഴുതി. കുതിരാനിലെ ആദ്യതുരങ്കം അടുത്തമാസം തുറക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച വിപുലയോഗംചേരും.
റോഡ് വികസന പദ്ധതികളിലെ സ്ഥലമെടുപ്പടക്കം അവലോകനത്തിന് കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽക്കൂടി എംഎൽഎമാരെയും പങ്കെടുപ്പിച്ച് യോഗംചേരും. പാതയോരത്ത് വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ ഒഴിവാക്കാൻ ദേശീയപാതാ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രയോഗിക്കുന്നത് പരിഗണിക്കും. കിഫ്ബി റോഡുകളുടെ പുരോഗതി അവലോകനംചെയ്യും.
ആറായിരം കിലോമീറ്റർ റോഡിന്റെ ഡിജിറ്റലൈസേഷൻ പൂർത്തിയായി. ബാക്കി ആറുമാസത്തിനകം ലക്ഷ്യത്തിലെത്തും. പരസ്യ കമ്പനികളുടെയടക്കം റോഡരിക് കൈയേറ്റങ്ങളിൽ കർശന നടപടിയുണ്ടാകും. പെരുമഴയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ചീഫ് എൻജിനിയറുടെ മേൽനോട്ടത്തിൽ നിരത്ത് പരിപാലനവിഭാഗം നേതൃത്വംനൽകും. ആലപ്പുഴ ജില്ലാ കോടതി പാലം നിർമാണം, സ്ഥലമേറ്റെടുക്കൽ പൂർത്തിയാകുന്നമുറയ്ക്ക് ആരംഭിക്കുമെന്നും എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.