പാലക്കാട്
ലോക്ക്ഡൗൺ ലംഘനം ചോദ്യംചെയ്ത യുവാവിനെ മർദിച്ചതിന് മുൻ എംഎൽഎ വി ടി ബൽറാം, നിയമസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പാളയം പ്രദീപ് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന മൂന്നുപേരെയും പ്രതിചേർത്തിട്ടുണ്ട്. കൈയേറ്റം ചെയ്യൽ, അസഭ്യം പറയൽ എന്നീ കുറ്റങ്ങൾ ചുമത്തി. ലോക്ഡൗൺ ലംഘിച്ച് കൂട്ടത്തോടെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാനെത്തിയത് ചോദ്യം ചെയ്തതിനാണ് കൽമണ്ഡപം സ്വദേശി സനൂഫിനെ ഞായറാഴ്ച രമ്യ ഹരിദാസ് എംപിയോടൊപ്പം എത്തിയ കോൺഗ്രസ് നേതാക്കൾ മർദിച്ചത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തു. സനൂഫിന്റെ പരാതിയിൽ സിസിടിവി ദൃശ്യം വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. മർദിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനൂഫിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടോടെ സനൂഫ് ആശുപത്രിവിട്ടു.
രമ്യ ഹരിദാസ് എംപിയുടെയും സംഘത്തിന്റെയും പെരുമാറ്റം സമൂഹമാധ്യമങ്ങളിലും രൂക്ഷവിമർശനത്തിനിടയാക്കി. ലോക്ഡൗൺ ലംഘനം മറച്ചുവയ്ക്കാൻ, യുവാവ് കൈയിൽ കയറി പിടിച്ചുവെന്ന എംപിയുടെ ആരോപണം ബാലിശവും സ്ത്രീസമൂഹത്തോടുള്ള പരിഹാസവുമായെന്നാണ് വിമർശനം. കൈയിൽ കയറി പിടിച്ചെന്നും ശുചിമുറിയിലേക്കു പോകുമ്പോൾ പിന്നാലെ വന്നുവെന്നുമാണ് ഞായറാഴ്ച എംപി പറഞ്ഞത്.
ലോക്ഡൗൺ മാനദണ്ഡം ലംഘിച്ച് എംപി ഉൾപ്പെടെയുള്ളവർ ഇരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ ഹോട്ടൽ അധികൃതരോട് വിശദീകരണം തേടിയെന്ന് മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് പി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. പൊലീസിന്റെ അന്വേഷണറിപ്പോർട്ട്കൂടി പരിശോധിച്ചശേഷം മറ്റ് നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.