കൊച്ചി
മുട്ടിൽ മരംമുറിക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ ആന്റോ ആഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി നിരസിച്ചത്. പ്രതികൾക്ക് നേരത്തേ അനുവദിച്ച ഇടക്കാല ജാമ്യ ഉത്തരവ് കോടതി പിൻവലിച്ചു. അന്വേഷണം തുടരുകയാണെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ ബോധിപ്പിച്ചു. ആകെ 43 കേസുകളിൽ 37ലും ഹർജിക്കാർ പ്രതികളാണെന്ന പ്രോസിക്യൂഷൻവാദം കണക്കിലെടുത്താണ് ഹർജികൾ ജസ്റ്റിസ് കെ ഹരിപാൽ തള്ളിയത്. വനഭൂമിയിൽനിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി ചൂണ്ടിക്കാട്ടി.
ഭൂപതിവു നിയമപ്രകാരം പട്ടയഭൂമിയിലെ രാജകീയ മരങ്ങൾ മുറിക്കാൻ അനുമതിയില്ല. പട്ടയഭൂമിയിലെ മരംമുറി ഈവർഷം ഫെബ്രുവരിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്. വില്ലേജ് ഓഫീസിൽനിന്നുള്ള രേഖകൾ സംഘടിപ്പിക്കുന്നതിൽ ക്രമക്കേടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായി ചേർന്നാണ് പ്രതികൾ അനുമതി നേടിയത്. ഉദ്യോഗസ്ഥർ നടപടി നേരിടുകയാണ്. എറണാകുളം ജില്ലയിലെ കരിമുകളിലുള്ള മില്ലിൽനിന്ന് പിടിച്ചെടുത്ത തടിയും കടത്തുപാസും തമ്മിൽ പൊരുത്തപ്പെടുന്നില്ല. തടികൾ വനഭൂമിയിൽനിന്ന് മുറിച്ചതാണ്. വനനിയമം അനുസരിച്ച് പിടിച്ചെടുത്ത തടികൾ വനംവകുപ്പിന്റേതല്ല എന്ന് തെളിയിക്കേണ്ടത് പ്രതികളാണ്.
പ്രതിയായ റോജി അഗസ്റ്റിൻ കരിമുകളിലെ മില്ലുടമയ്ക്ക് 10,000 ക്യുബിക് അടി ഈട്ടിത്തടി നൽകാമെന്നേറ്റ് 1,40,00,000 രൂപ കൈപ്പറ്റിയതായി റേഞ്ച് ഓഫീസറുടെ റിപ്പോർട്ടിലുണ്ട്. ഇത്രയും തടി എങ്ങനെ നൽകാനാകും എന്ന് പ്രതിക്കുതന്നെ അറിയില്ല. പ്രതികൾ ഹാജരാക്കിയ തെളിവുകൾ അവരുടെ കൈകൾ ശുദ്ധമല്ലെന്നാണ് തെളിയിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
പ്രതികൾ ഏതെങ്കിലുംതരത്തിലുള്ള ആനുകൂല്യത്തിന് അർഹരല്ലെന്നും ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പിടിക്കപ്പെടില്ലെന്ന ധൈര്യത്തിൽ നിയമം ലംഘിക്കുന്നത് അലോസരമുണ്ടാക്കുന്ന കാര്യമാണ്. മരംമുറിക്കുപിന്നിലെ യഥാർഥ കുറ്റവാളി സർക്കാരാണെന്ന പ്രതികളുടെ വാദം, ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ കണക്കിലെടുക്കാനാകില്ല. നിയമദേഗതിക്ക് സർക്കാരിന് അധികാരമുണ്ടെന്നിരിക്കേ ഉദ്യോഗസ്ഥ ഉത്തരവുകളിലൂടെ ചട്ടഭേദഗതി പാടില്ലെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.