കൊച്ചി
ദേശീയപാതയുടെയും ഗതാഗത സൗകര്യങ്ങളുടെയും വികസനത്തിനായി കപ്പേളകളോ കുരിശടികളോ ആരാധനാലയങ്ങളോ മാറ്റിസ്ഥാപിക്കേണ്ടിവന്നാൽ സഹകരിക്കണമെന്ന് ക്രൈസ്തവ സമൂഹത്തോട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ദേശീയപാത 66ന്റെ വികസനത്തിന് ക്ഷേത്രമിരിക്കുന്ന ഭൂമി വിട്ടുകൊടുത്ത കൊവ്വൽ അഴിവാതുക്കൽ ക്ഷേത്ര ഭാരവാഹികളെ കർദിനാൾ അഭിനന്ദിച്ചു. നാടിന്റെ വികസനത്തിന് ക്രൈസ്തവർ കാണിച്ചിട്ടുള്ള ഉദാരത തുടരണമെന്നാവശ്യപ്പെട്ടുള്ള പ്രത്യേക വാർത്താക്കുറിപ്പിലാണ് കർദിനാൾ ഇക്കാര്യം പറഞ്ഞത്. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കൽസംബന്ധിച്ച ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാത്തതരത്തിൽ വികസന പദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാർ ശ്രദ്ധിക്കണമെന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം സമയബന്ധിതമായി നൽകണമെന്നും വാർത്താക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.