ന്യൂഡൽഹി
കേരളത്തിൽ ദേശീയപാത അതോറിറ്റി 2020–-21 വർഷത്തിൽ ഏറ്റെടുത്ത റോഡു വികസന പദ്ധതികളുടെ ഭൂമി ഏറ്റെടുക്കാൻ 9724 കോടി വേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് മറുപടി നല്കി. 2021–-22ല് പദ്ധതിയിട്ട പദ്ധതികള്ക്കായി 15220 കോടിയും ഭാരത്മാലാ റോഡുപദ്ധതികളുടെ ഭൂമി ഏറ്റെടുക്കലിന് 5333 കോടിയും ചെലവഴിക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം സംസ്ഥാനമാണ് വഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് കോച്ചിങ്ങിനായി ധനസഹായം അനുവദിക്കുന്ന നയസവേര പദ്ധതി പ്രകാരം രണ്ടു വർഷത്തിനിടെ കേരളത്തിന് 98.60 ലക്ഷം അനുവദിച്ചെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി ബ്രിട്ടാസിനെ അറിയിച്ചു. പദ്ധതി നടപ്പാക്കൽ ഏജൻസികൾ വഴിയാണ് പണം കൈമാറുന്നത്. കേരളത്തിൽ നാല് ഏജൻസിയുണ്ട്. അർഹരായ വിദ്യാർഥികൾക്ക് 2500 രൂപ സ്റ്റൈപെൻഡാണ് നൽകുക.