കോഴിക്കോട്
കോൺഗ്രസ് ഭരിക്കുന്ന കാരന്നൂർ സർവീസ് സഹകരണ ബാങ്കിൽ പ്യൂൺ–- വാച്ച്മാൻ തസ്തികകളിൽ കോഴ വാങ്ങി നിയമനത്തിന് നീക്കം. ഒഴിവുള്ള ഏഴ് തസ്തികകളിൽ അഞ്ചെണ്ണത്തിൽ ഓരോരുത്തരിൽനിന്ന് നാലുലക്ഷം രൂപ വീതം വാങ്ങുന്നതായാണ് ആരോപണം. അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സഹകരണ വകുപ്പ് ജോ. രജിസ്ട്രാർക്ക് പരാതി നൽകി.
നാല് പ്യൂൺ, മൂന്ന് വാച്ച്മാൻ ഒഴിവുകളിലേക്ക് മാർച്ച് 14ന് എലത്തൂർ സിഎംസി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എഴുത്തുപരീക്ഷ നടത്തിയിരുന്നു. അഞ്ഞൂറോളംപേർ പങ്കെടുത്തു. 75 രൂപ വീതം അപേക്ഷാ ഫോമിനായി ഈടാക്കി. പരീക്ഷാർഥികളെ നോക്കുകുത്തികളാക്കി അഴിമതി നിയമനത്തിന് നീക്കം നടക്കുകയാണെന്ന് പരാതിയിൽ പറയുന്നു. 28നാണ് അഭിമുഖം.
രണ്ട് ഒഴിവുകളിൽ കോൺഗ്രസ് നേതാവിന്റെ മകൾക്കും യൂത്ത് കോൺഗ്രസ് നേതാവിനും നിയമനം നൽകാനാണ് ധാരണ. എടക്കാട് മണ്ഡലം കോൺഗ്രസ് പ്രവർത്തകർ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പരാതി നൽകി. കോൺഗ്രസുമായി ബന്ധമില്ലാത്തവർക്ക് ജോലി കൊടുക്കുന്നത് അംഗീകരിക്കാനാവില്ല. ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസ് പുനഃപരിശോധിച്ച് കോൺഗ്രസ് കുടുംബത്തിലുള്ള അർഹരായവർക്ക് നിയമനം നൽകണമെന്നാണ് പരാതിയിലെ ആവശ്യം. ഡിസിസി,ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർക്കും പരാതി നൽകി.