കാലടി
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്ന് കാണാതായ ഉത്തരക്കടലാസുകൾ പൊലീസ് കണ്ടെത്തി. ഡെപ്യൂട്ടി രജിസ്ട്രാറുടെ ഓഫീസിലുള്ള അലമാരയിൽനിന്നാണ് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. ഉത്തരക്കടലാസ് കാണാതായതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അന്യായമായി സസ്പെൻഡ് ചെയ്ത അധ്യാപകൻ ഡോ. കെ എ സംഗമേശനെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് അധ്യാപകർ തിങ്കളാഴ്ച റിലേ നിരാഹാരം ആരംഭിച്ചിരുന്നു.
അധ്യാപകനെ സസ്പെൻഡ് ചെയ്തതിൽ വൻ ഗൂഢാലോചനയുണ്ടെന്നും അത് പുറത്തുകൊണ്ടുവരുംവരെ സമരം തുടരുമെന്നും അസോസിയേഷൻ ഓഫ് ശ്രീശങ്കരാചാര്യ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് (അസ്യൂട്ട്) ജനറൽ സെക്രട്ടറി ഡോ. ബിച്ചു എക്സ് മലയിൽ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അസോസിയേഷൻ കഴിഞ്ഞദിവസം പരാതി നൽകി.
എം എ സംസ്കൃത സാഹിത്യം മൂന്നാംസെമസ്റ്ററിലെ 276 പേപ്പറുകളാണ് കാണാതായത്. ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനുശേഷം തിരിച്ചേൽപ്പിച്ചെന്നാണ് ഡോ. കെ എ സംഗമേശൻ പറയുന്നത്. അന്വേഷണം നടത്താതെ സംഗമേശനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് അധ്യാപകരുടെ സമരം.