കൊച്ചി
തീരദേശ ചരക്കുകപ്പൽ ഗതാഗതം പ്രോത്സാഹിപ്പിക്കാൻ കൊച്ചി തുറമുഖ ട്രസ്റ്റ് നിരക്കിളവ് പ്രഖ്യാപിച്ചു. ഹാൻഡ്ലിങ് ചാർജിൽ 50 ശതമാനമാണ് ഇളവ് അനുവദിച്ചിട്ടുള്ളതെന്ന് കയറ്റുമതിക്കാരുടെ സംഘടനയായ കേരള എക്സ്പോർട്ടേഴ്സ് ഫോറം അറിയിച്ചു. ചെറുകിട തുറമുഖങ്ങളിൽനിന്നുള്ള ചരക്കുകൾക്ക് മൂന്നുവർഷത്തേക്കാണ് ഇളവ്. കൊച്ചി–-ബേപ്പൂർ തീരദേശ ചരക്കുകപ്പൽ സർവീസ് ആരംഭിക്കുന്നതിനുമുമ്പുതന്നെ സംസ്ഥാന സർക്കാർ പത്തുശതമാനം ഇൻസെന്റീവ് അനുവദിച്ചിരുന്നു. കൊച്ചിയിൽനിന്ന് ബേപ്പൂരിലേക്ക് കണ്ടെയ്നറുകളുമായി എത്തുന്ന കപ്പലിന് തിരിച്ച് അത്രയും കണ്ടെയ്നർ എടുക്കാനില്ലെങ്കിൽ റോഡുമാർഗമുള്ള ഗതാഗതച്ചെലവിനേക്കാൾ പത്തുശതമാനം അധികതുക ഇൻസെന്റീവായി നൽകും.
തീരദേശ ചരക്കുകപ്പൽ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടന സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലിന് നിവേദനം നൽകിയിരുന്നു. മന്ത്രി തുറമുഖ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇൻസെന്റീവ് പ്രഖ്യാപിച്ചതെന്ന് എക്സ്പോർട്ടേഴ്സ് ഫോറം ഓണററി സെക്രട്ടറി മുൻഷിദ് അലി പറഞ്ഞു. മലബാർ മേഖലയിലെ കയറ്റുമതിക്കാർക്കാണ് തീരദേശ ചരക്കുകപ്പൽ ഗതാഗതം കൂടുതൽ പ്രയോജനപ്പെടുന്നത്. പഴം, പച്ചക്കറി, പ്ലൈവുഡ്, ചെരിപ്പ് തുടങ്ങിയവയുടെ കയറ്റുമതി എളുപ്പവും ലാഭകരവുമാക്കുക, റോഡുമാർഗമുള്ള ചരക്കുനീക്കം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത്.
ദിവസവും നാലായിരത്തോളം കണ്ടെയ്നറുകളാണ് കൊച്ചി തുറമുഖത്തുനിന്ന് റോഡിലൂടെ മലബാർ മേഖലയിലേക്ക് കൊണ്ടുപോകുന്നത്. ജലമാർഗം ചരക്ക് കൊണ്ടുപോകുമ്പോൾ ഗതാഗതച്ചെലവിൽ 40 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കൊച്ചിയെ കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ചരക്കുകപ്പൽ സർവീസും തുടങ്ങാൻ പദ്ധതിയുണ്ടെന്ന് കേരള മാരിടൈം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.