വെല്ലിങ്ടണ്
ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്ത്തകയെന്ന് ആരോപിക്കപ്പെടുന്ന യുവതിയ്ക്കും മക്കൾക്കും മാനുഷിക പരിഗണന നൽകി അഭയം നൽകാന് ന്യൂസിലന്ഡ്. ഓസ്ട്രേലിയയിലും ന്യൂസിലന്ഡിലും ഇരട്ട പൗരത്വമുള്ള സുഹൈറ ഏദന് എന്ന ഇരുപത്താറുകാരിയെയും അവരുടെ രണ്ട് കുട്ടികളെയുമാണ് ന്യൂസിലന്ഡ് സ്വീകരിക്കുന്നത്. ഫെബ്രുവരിയിൽ സിറിയയില്നിന്ന് തുര്ക്കിയിലേക്ക് കടക്കാന് ശ്രമിക്കവെ പിടിയിലായ യുവതിയും കുഞ്ഞുങ്ങളും തുര്ക്കിയില് ജയിലിലാണ്.
ആറാം വയസിൽ ന്യൂസിലൻഡിൽ നിന്ന് കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിൽ എത്തിയ യുവതി അവിടെ നിന്നാണ് 2014ൽ സിറിയയിലേക്ക് പോയത്. ഓസ്ട്രേലിയ യുവതിയുടെ പൗരത്വം റദ്ദാക്കി. ഓസ്ട്രേലിയൻ പാസ്പോർടുള്ള ഇവരെ അവിടെ തിരിച്ചുവരാൻ അനുവദിക്കണമെന്ന് ന്യുസിലൻഡ് പ്രധാനമന്ത്രി ജസിന്ഡ ആര്ഡേന് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ന്യൂസിലന്ഡ് ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന് തീരുമാനിച്ചത്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുനൽകിയാണ് ജസീൻഡ തീരുമാനമെടുത്തത്.