ന്യൂഡൽഹി
ബിജെപി സർക്കാരിനുകീഴിൽ നിരീക്ഷണ ഭരണകൂടമായി ഇന്ത്യ തരംതാഴ്ന്നതിന്റെ തെളിവാണ് പെഗാസസ് വെളിപ്പെടുത്തലുകളെന്ന് തുറന്നടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും രാഷ്ട്രീയ സാമ്പത്തികശാസ്ത്രജ്ഞനുമായ പരകാല പ്രഭാകർ. ഇസ്രയേൽ കമ്പനിയില്നിന്ന് ചാരസോഫ്റ്റ്വെയര് വാങ്ങിയോ എന്ന ചോദ്യത്തിന് മറുപടി നല്കാന് സർക്കാരിനെ നിർബന്ധിക്കാന് സുപ്രീംകോടതിക്ക് മാത്രമേ സാധിക്കൂ എന്നും‘ദി ഹിന്ദു’ ലേഖനത്തിൽ അദ്ദേഹം കുറിച്ചു.
പെഗാസസ് ചോർത്തൽ 2019ല് വെളിപ്പെട്ടപ്പോള് വാട്സാപ്പിന്റെ സുരക്ഷിതത്വപ്രശ്നം മാത്രമായി ചര്ച്ച ചുരുങ്ങി. സർക്കാരിന് വഴുതിപ്പോകാൻ പാർലമെന്റും പൊതുസമൂഹവും വഴിയൊരുക്കി. ഇപ്പോള് പെഗാസസ് വിഷയത്തില് ചോദ്യങ്ങളോട് മുഖംതിരിക്കുകയാണ് സർക്കാർ. വിഷയം പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യുന്നത്. ചോദ്യങ്ങളോട് മുഖംതിരിച്ച് സമയം നീട്ടിക്കൊണ്ടുപോയി വിഷയത്തെ ഇല്ലാതാക്കാനാണ് ശ്രമം. ഈ സാഹചര്യത്തില് സുപ്രീംകോടതിയുടെ പങ്ക് പ്രസക്തം. കോടതിക്ക് മുന്നിൽ രണ്ട് മാർഗമുണ്ട്. ഒന്നുകിൽ ഇന്ത്യയെ നിരീക്ഷണ രാജ്യമായി തുടരാൻ അനുവദിക്കുക അല്ലെങ്കിൽ സർക്കാരിനെ പിടിച്ചുനിർത്തി ജനങ്ങൾക്ക് സ്വാതന്ത്ര്യവും അവകാശങ്ങളും മടക്കിനൽകുക. വളരെ കുറച്ചുമാത്രമാണ് സമയം–- ലേഖനത്തിൽ പ്രഭാകർ വ്യക്തമാക്കി.