മംഗളൂരു
നാലാം തവണയും കാലാവധി പൂർത്തിയാക്കാതെ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്ന ബി എസ് യെദ്യൂരപ്പയെ ഇത്തവണ പുകച്ചുചാടിക്കാൻ ബിജെപി ദേശീയ നേതൃത്വം സ്വീകരിച്ചത് പ്രതിപക്ഷത്തിനുനേരെ ഉപയോഗിക്കുന്ന ‘ഇഡി’ ഭീഷണി. മക്കൾക്കെതിരെയുള്ള ഇഡി, അഴിമതിക്കേസുകൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സർക്കാർ രണ്ടുവർഷം തികച്ച നാൾതന്നെ നേതൃത്വം യെദ്യൂരപ്പയെക്കൊണ്ട് രാജിവയ്പിച്ചത്. പിൻഗാമിയായി ദേശീയ നേതൃത്വം നിർദേശിക്കുന്നയാളെ യെദ്യൂരപ്പ തന്നെ പ്രഖ്യാപിക്കണമെന്നും നിബന്ധന വച്ചു.
രാജിവയ്ക്കണമെങ്കിൽ ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മൈയെ പിൻഗാമിയാക്കണമെന്നും മക്കളായ വിജയേന്ദ്രയ്ക്കും രാഘവേന്ദ്രയ്ക്കും പാർടിയിലോ സർക്കാരിലോ നിർണായകസ്ഥാനം നൽകണമെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു. ബസവരാജയിലൂടെ നിയന്ത്രണം തന്റെ കൈയിൽത്തന്നെ നിർത്താമെന്ന യെദ്യൂരപ്പയുടെ പ്രതീക്ഷ മുളയിലേ നുള്ളിയ ഹൈക്കമാൻഡ്, മക്കൾക്കെതിരെയുള്ള അഴിമതിക്കേസുകൾ നേരിടാൻ തയ്യാറാകണമെന്ന് വ്യക്തമാക്കി മറുതന്ത്രം പ്രയോഗിച്ചു. മൂവർക്കുമെതിരെയുമുള്ള നിരവധി രേഖയും കാണിച്ചു.
വിജയേന്ദ്രയ്ക്ക് സർക്കാരിൽ സ്ഥാനമെന്ന ആവശ്യം നേതൃത്വം പരിഗണിച്ചേക്കും. കേസുകൾ ഭയന്നും മക്കളുടെ ഭാവിയെ കരുതിയും തൽക്കാലം യെദ്യൂരപ്പ പാർടിക്കെതിരെ പരസ്യനിലപാട് സ്വീകരിക്കില്ല. എന്നാൽ, യെദ്യൂരപ്പയെ ബിജെപി ഒതുക്കിയെന്ന വികാരം ശക്തമായതോടെ അടുത്ത തെരഞ്ഞെടുപ്പിൽ ലിംഗായത്ത് വോട്ടിൽ കടുത്ത ചോർച്ചയുണ്ടാകാനിടയുണ്ട്. ഉത്തര കർണാടകത്തിലെ ബിജെപി സ്വാധീനം ഇല്ലാതാകും. ലിംഗായത്ത് വിഭാഗത്തിൽ ശക്തമായ സ്വാധീനമുള്ള കോൺഗ്രസ് നേതാക്കൾ ഷാമണ്ണൂർ ശിവശങ്കരപ്പ, എം ഡി പാട്ടീൽ എന്നിവരും യെദ്യൂരപ്പയെ തുണച്ച് രംഗത്തെത്തിയിരുന്നു.
2007 നവംബർ പന്ത്രണ്ടി-നാണ് യെദ്യൂരപ്പ ആദ്യം മുഖ്യമന്ത്രിയായത്. ഏഴുദിവസത്തിനുശേഷം രാജിവച്ചു. 2008 മെയ് 30നു രണ്ടാമത് മുഖ്യമന്ത്രിയായി. 2011 ജൂലൈ 31 വരെ ഭരിച്ചു. 2018 മെയ് പതിനേഴി-നായിരുന്നു മൂന്നാമത്തെ അവസരം. ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് രണ്ടാംനാൾ രാജിവയ്ക്കേണ്ടിവന്നു. കോടികൾ നൽകി എംഎൽഎമാരെ ചാക്കിട്ടുപിടിച്ചും രാജ്യത്തിനുതന്നെ അപമാനകരമായ ‘ഓപ്പറേഷൻ താമര’യിലൂടെയും ജെഡിഎസ്–-കോൺഗ്രസ് സഖ്യസർക്കാരിനെ പുറത്താക്കി 2019 ജൂലൈ 26നു വീണ്ടും മുഖ്യമന്ത്രിയായി. 2021 ജൂലൈ 26നു വീണ്ടും നാണംകെട്ട് പുറത്തേക്ക്.