ന്യൂഡൽഹി
കോവിഡ് വാക്സിനേഷൻ വേഗതയിൽ രാജ്യത്ത് മുന്നിൽ കേരളം. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കേരളത്തിൽ 18 കഴിഞ്ഞവരില് 21 ശതമാനം പേർക്ക് രണ്ട് ഡോസും കിട്ടി, 48.2 ശതമാനം പേര്ക്ക് ആദ്യ ഡോസ് നല്കി. ഒരു കോടിക്കുമേൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില് മുന്നില് കേരളം. തൊട്ടുപിന്നില് ഡൽഹിയും ഗുജറാത്തും. ഒരു കോടിക്ക് താഴെ ജനസംഖ്യയുള്ള ചെറിയ സംസ്ഥാനങ്ങളിലെ കുത്തിവയ്പില് മുന്നില് ഹിമാചല്പ്രദേശും ഉത്തരാഖണ്ഡും. ഹിമാചലിൽ 21.1 ശതമാനത്തിന് രണ്ട് ഡോസും 67.7 ശതമാനത്തിന് ഒരു ഡോസും നല്കി.
ആവശ്യമായ അളവിൽ കേന്ദ്രത്തില്നിന്ന് കേരളത്തിന് വാക്സിൻ ലഭിക്കാത്ത സാഹചര്യമാണുള്ളത്. എന്നാല് ഗുജറാത്ത്, കർണാടക തുടങ്ങി ബിജെപിഭരണ സംസ്ഥാനങ്ങൾക്ക് ധാരാളമായി വാക്സിന് ലഭിക്കുന്നുവെന്നും റിപ്പോര്ട്ടുണ്ട്. ഒറ്റ ഡോസും പാഴാക്കാതെ ഉപയോഗിച്ചതാണ് മുന്നിലെത്താന് കേരളത്തെ സഹായിച്ചത്. എൻഡിഎ ഭരിക്കുന്ന യുപിയും ബിഹാറുമാണ് കുത്തിവയ്പിൽ ഏറ്റവും പിന്നിൽ. ബിഹാറിൽ രണ്ടുഡോസും കിട്ടിയത് 4.6 ശതമാനത്തിനുമാത്രം. ഒറ്റഡോസ് 25.4 ശതമാനത്തിനും. യുപിയിൽ ഇത് യഥാക്രമം 4.9 ഉം 25.2 ഉം ശതമാനം. ദേശീയതലത്തിൽ 9.9 ശതമാനം പേർക്ക് രണ്ട് ഡോസും 36.3 ശതമാനത്തിന് ഒറ്റഡോസും നല്കിയെന്നാണ് റിപ്പോര്ട്ട്.