തിരുവനന്തപുരം: കുണ്ടറ ഫോൺ വിളി വിവാദത്തിൽ കൂടുതൽ നടപടികളുമായി എൻസിപി. മൂന്ന് പേരെ കൂടി അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ, പാർട്ടി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ, കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്റ്റ് എന്നിവർക്കെതിരേയാണ് നടപടി. പത്മകരൻ, രാജീവ് എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിന് അന്വേഷണ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ വ്യക്തമാക്കി. എൻസിപി ഭാരവാഹി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീഡന പരാതിയാണെന്ന് അറിയാതെയാണ് മന്ത്രി എകെ ശശീന്ദ്രൻ വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ഫോൺ സംഭാഷണങ്ങളിൽ മന്ത്രി ശ്രദ്ധ പുലർത്തണമെന്നും എൻസിപി സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
യുവതി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഹണി വിറ്റോയാണ്. പ്രദീപ് കുമാറാണ് മന്ത്രിയെ സമ്മർദ്ദം ചെലുത്തി ഫോൺ വിളിപ്പിച്ചത്. മന്ത്രിയുമായുള്ള സംസാരം റെക്കോർഡ് ചെയ്ത് മാധ്യമങ്ങളിലെത്തിച്ചത് ബെനഡിക്റ്റാണെന്നും പിസി ചാക്കോ വിശദീകരിച്ചു. വിഷയത്തിൽ പാർട്ടി സ്വീകരിച്ച നടപടികളെ പരസ്യമായി വിമർശിച്ച നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ് ബിജുവിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights:phone call controversy, ncp suspends three more leaders