കൊച്ചി: മുട്ടിൽ മരംമുറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി. മരം മുറിക്കുന്നത് സംബന്ധിച്ചുള്ള അനുവാദം നൽകികൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. നിലവിലെ നിയമങ്ങൾ മറികടക്കുന്നതാണ് സർക്കാരിന്റെ ഉത്തരവെന്നും ഹൈക്കോടതി വിമർശിച്ചു. സർക്കാരിനെയും റവന്യു വകുപ്പിനേയും രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റവന്യു വകുപ്പ് മന്ത്രിയുടെ കൂടി അറിവോടെയാണ് മരം മുറിക്കാനുള്ള ഉത്തരവ് ഇറങ്ങിയത്. സംസ്ഥാന സർക്കാരിന് ആവശ്യമെങ്കിൽ മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരാനുള്ള അവകാശമുണ്ടല്ലോയെന്നും, എന്നാൽ നിലവിലുള്ള നിയമത്തെ മറികടക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നുമാണ് കോടതി വിമർശിച്ചത്.
സർക്കാർ നടപടിയിൽ ആശ്ചര്യം പ്രകടിപ്പിച്ച കോടതി പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് മറ്റൊരു വിഷയമായതിനാൽ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെന്നും വാക്കാൽ പറഞ്ഞു. പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ പറഞ്ഞത് സർക്കാരാണ് മരംമുറി കേസിലെ കുറ്റക്കാരെന്നാണ്.
മുട്ടിൽ മരംമുറി നടന്ന സ്ഥലത്തെ മരങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. പട്ടയം കോടതി വിശദമായി പരിശോധിച്ചു. രേഖകൾ പ്രകാരം പട്ടയം അനുവദിച്ചപ്പോൾ അതിൽ വ്യക്തമാക്കിയിരുന്നതാണ് ഈട്ടി മരങ്ങൾ സർക്കാരിന്റേതാണെന്ന്. ഇത് മുറിക്കനാണ് നിലവിലെ നിയമം മറികടന്ന് സർക്കാർ ഉത്തരവിറക്കിയത്.
Content Highlights: High court against state Government in Muttil case