പാലക്കാട്> സഹകരണ ബാങ്ക് കുത്തിത്തുറന്ന് വന്കവര്ച്ച. പാലക്കാട് ചന്ദ്രനഗറിലെ മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറല് ക്രെഡിറ്റ് സൊസൈറ്റിയിലാണ് സ്ട്രോംഗ് റൂം തകര്ത്ത് സ്വര്ണ്ണവും പണവും കവര്ന്നത്. ഏഴര കിലോ പണയ സ്വര്ണവും 18000 രൂപയുമാണ് നഷ്ടപെട്ടത്.
ഗ്യാസ് കട്ടര് ഉപയോഗിച്ച് സ്ട്രോംഗ് റൂമിന്റെ അഴികള് മുറിച്ച് മാറ്റിയാണ് മോഷണം നടന്നിരിക്കുന്നത്. ബാങ്കിനുള്ളിലേക്ക് കടക്കാനായി മുന്നിലെ ഗ്ലാസും മുറിച്ചിട്ടുണ്ട്. സ്ട്രോംഗ് റൂം തുറക്കുമ്പോള് അലാറം അടിക്കാതിരിക്കാന് അവ നശിപ്പിച്ചിട്ടുണ്ട്.
സിസിടിവിയുടെ മെമ്മറിയും മോഷണം പോയി. വെള്ളിയാഴ്ച വൈകിട്ടാണ് ബാങ്ക് അടച്ചത്. സമ്പൂര്ണ ലോക്ക്ഡൗണ് മൂലം ശനിയും ഞായറും ബാങ്ക് തുറന്നിട്ടില്ല. ഇതിനിടയിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കാന് ജീവനക്കാര് എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കൂടുതല് രേഖകളോ മറ്റു വസ്തുക്കളോ മോഷണം പോയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
പാലക്കാട് ഡിവൈഎസ്പി പി ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള് ശേഖരിച്ചു.