കൽപ്പറ്റ > ഡിസിസി സെക്രട്ടറി പീഡിപ്പിച്ചെന്ന മഹിളാ കോൺഗ്രസ് ജില്ലാ നേതാവിന്റെ പരാതി ഐ സി ബാലകൃഷ്ണൻ എംഎൽഎയും കെപിസിസിയും പൂഴ്ത്തിയത് ഒന്നര വർഷത്തോളം.
രാഹുൽ ഗാന്ധിയുടെ പരിപാടിയെപ്പറ്റി സംസാരിക്കാൻ വീട്ടിലെത്തിയ വയനാട് ഡിസിസി സെക്രട്ടറി ആർ പി ശിവദാസ് തന്നെ പീഡിപ്പിച്ചുവെന്ന പരാതി 2019 ഡിസംബറിലാണ് മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് പാർടി നേതൃത്വത്തിന് നൽകിയത്. ഡിസിസി പ്രസിഡന്റും എംഎൽഎയുമായ ഐ സി ബാലകൃഷ്ണനും അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പരാതി കൊടുത്തു. ഡിസിസി നടപടിയെടുത്തില്ല.
കെപിസിസി ആദ്യഘട്ടത്തിൽ അന്വേഷണ കമീഷനെ വച്ചെങ്കിലും പിന്നീട് ഒതുക്കി. 2020 ഡിസംബർ ഒന്നിന് ഇര വീണ്ടും കെപിസിസിക്ക് പരാതി നൽകി. ഇതും വെളിച്ചം കണ്ടില്ല.
പരാതി പൂഴ്ത്തിയ ഡിസിസി, കെപിസിസി നേതൃത്വം ഇവർ പൊലീസിൽ പരാതി നൽകുന്നതും തടസ്സപ്പെടുത്തി. ശിവദാസ് തന്റെ മകളുടെ വിവാഹം മുടക്കിയതായും വനിതാ നേതാവ് വെളിപ്പെടുത്തി. സഹികെട്ടാണ് ഇപ്പോൾ പൊലീസിൽ പരാതി നൽകിയത്.
പീഡനം ഒതുക്കിയ ഡിസിസി, കെപിസിസി നേതൃത്വം ഇതോടെ പ്രതിക്കൂട്ടിലായി. പ്രതിഷേധം ശക്തമാണ്. വനിതാ നേതാവിന്റെ പരാതിയിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബത്തേരി എസ്ഐ അബ്ബാസ് അലിക്കാണ് അന്വേഷണ ചുമതല. ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയാണ് ബത്തേരി പൊലീസിന് കൈമാറിയത്.
ബത്തേരി അർബൻ ബാങ്കിലെ നിയമനത്തിന് ഐ സി ബാലകൃഷ്ണൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കോടികളുടെ കോഴ വാങ്ങിയത് പുറത്തുവന്നതിനൊപ്പമാണ് പീഡന പരാതി പൂഴ്ത്തിയതും വെളിച്ചത്തായത്.