കൊച്ചി > ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) സംസ്ഥാന സെക്രട്ടറിയറ്റ് യോഗം സംഘർഷത്തെ തുടർന്ന് നിർത്തിവെച്ചു. യോഗഹാളിന് പുറത്ത് പാർടി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അച്ചടക്കലംഘനം നടത്തിയ പ്രസിഡന്റ് എ പി അബ്ദുൾ വഹാബിനെ പുറത്താക്കിയതായി ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി അബ്ദുൾ വഹാബും അറിയിച്ചു.
ഞായറാഴ്ച രാവിലെ കൊച്ചിയിലായിരുന്നു യോഗം. മന്ത്രി അഹമ്മദ് ദേവർകോവിലും നേതൃയോഗത്തിൽ പങ്കെടുത്തു. അബ്ദുൾ വഹാബ് അനുകൂലികൾ ജനറൽ സെക്രട്ടറിയുടെ പ്രസംഗത്തിലെ ചില പരാമർശങ്ങളിൽ പ്രതിഷേധിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. യോഗം നടന്ന ഹോട്ടലിനുമുന്നിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് അക്രമത്തിലേക്ക് നീങ്ങിയതോടെ പൊലീസ് എത്തി പിരിച്ചുവിട്ടു. തുടർന്ന് ഇരുവിഭാഗവും പ്രത്യേകം യോഗം ചേർന്ന് പുറത്താക്കൽ പ്രഖ്യാപിച്ചു.
എൽഡിഎഫിനെ തകർക്കാനുള്ള മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കമാണ് സംഘർഷത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കാസിം ഇരിക്കൂർ ആലുവയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘സമാധാനപരമായി ചേർന്ന യോഗം അലങ്കോലമാക്കിയത് ഇതിന്റെ ഭാഗമാണ്. അക്രമം നടത്തിയത് ഏതാനും ഗുണ്ടകളാണ്. ഐഎൻഎൽ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങൾക്കുണ്ട്. വഹാബിനെ പുറത്താക്കിയ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണ്. ഏഴ് സെക്രട്ടറിയറ്റ് അംഗങ്ങളെ പാർടിയിൽനിന്ന് പുറത്താക്കി’–- കാസിം വ്യക്തമാക്കി. വർക്കിങ് പ്രസിഡന്റ് ബി ഹംസ ഹാജിക്കാണ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല.
കാസിം ഇരിക്കൂറിനുപകരം നാസർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചതായി വഹാബ് തോപ്പുംപടിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് മാനദണ്ഡം ലംഘിച്ച് യോഗത്തിന് അനുമതി നൽകിയ ഹോട്ടലിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. യോഗത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കുന്നത് പരിശോധിക്കും. അക്രമം നടത്തിയ 25 പേർക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത അഞ്ചുപേരെ പിന്നീട് വിട്ടയച്ചു.