തിരുവനന്തപുരം > പാഠ്യപദ്ധതി പരിഷ്കരണത്തിൽ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അജൻഡ കേരളം അംഗീകരിക്കില്ല. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിച്ച് മാത്രമാകും സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണം. പൊതുവിദ്യാഭ്യാസ മികവിന് കൂടുതൽ കരുത്തേകുന്നതും ജനകീയ വിദ്യാഭ്യാസത്തിന് മേന്മ നൽകുന്നതുമായ പരിഷ്കരണമാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആർടി)യെ ചുമതലപ്പെടുത്തി ഉത്തരവ് ഉടനുണ്ടാകും.
നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) നിർദേശം പരിഗണിച്ച് പ്രാദേശിക അറിവുകൾകൂടി കൂട്ടിച്ചേർത്ത് കരട് തയ്യാറാക്കി കേന്ദ്രത്തിന് നൽകാനാണ് നിർദേശം. സംസ്ഥാന നിർദേശങ്ങൾ പരിഗണിച്ച് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ദേശീയ പാഠ്യപദ്ധതിച്ചട്ടക്കൂടിന് രൂപം നൽകുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. വർഗീയ അജൻഡ കുത്തിനിറച്ച് അന്തിമ പാഠ്യപദ്ധതി സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനാണ് നീക്കം. നേരത്തേ കേന്ദ്രം ദേശീയ പാഠ്യപദ്ധതിച്ചട്ടക്കൂട് തയ്യാറാക്കിയശേഷമാണ് സംസ്ഥാനങ്ങൾ ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ അന്തിമ പാഠ്യപദ്ധതി കേന്ദ്രം നിശ്ചയിക്കുന്ന സ്ഥിതിയായി.
വിജ്ഞാന സമ്പദ്വ്യവസ്ഥയിലൂന്നിയുള്ള കുതിപ്പിന് ഒരുങ്ങുന്ന കേരളം നവകേരള സൃഷ്ടിക്കായി പാഠ്യപദ്ധതിയും കോവിഡാനന്തരകാലത്തെ വിദ്യാഭ്യാസംകൂടി കണക്കിലെടുത്താണ് പരിഷ്കരിക്കുക. ഇത് തടയാനാണ് കേന്ദ്രം, പാഠ്യപദ്ധതി പരിഷ്കരണത്തിലും ഇടപെടുന്നത്. പ്രീ സ്കൂൾ, സ്കൂൾ, അധ്യാപനം, വയോജന തുടർ വിദ്യാഭ്യാസം മേഖലകളിലാണ് സംസ്ഥാനം ചട്ടക്കൂട് തയ്യാറാക്കുന്നത്.
ഫോക്കസ് ഗ്രൂപ്പുകൾ 25
പാഠ്യപദ്ധതി പരിഷ്കരണത്തിന് പഠനസമീപനം, ഭാഷാവിഷയങ്ങൾ, ലിംഗനീതി തുടങ്ങി 25 ഫോക്കസ് ഗ്രൂപ്പ് സംസ്ഥാനം രൂപീകരിക്കും. ഓരോ ഗ്രൂപ്പിലേക്കുമുള്ള വിദഗ്ധ സമിതിയംഗങ്ങളെ സർക്കാർ നിർദേശം ലഭിച്ചാലുടൻ എസ്സിഇആർടി തീരുമാനിക്കും.