തൃശൂർ > നിയമസഭ, തദ്ദേശതെരഞ്ഞെടുപ്പിന് കുഴൽപ്പണം വിതരണത്തിന്റെ ഹബ്ബായി പ്രവർത്തിച്ചത് ബിജെപി സംസ്ഥാന ഓഫീസ്. ജില്ലാ ഓഫീസുകൾ ഇടപാടിന്റെ ഉപകേന്ദ്രങ്ങളായി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറിവോടെയായിരുന്നു ഇത്. അതിനാലാണ് കവർച്ച നടന്നയുടൻ സുരേന്ദ്രനെ വിളിച്ചതെന്ന് കടത്തുകാരൻ ധർമരാജൻ മൊഴിനൽകിയതായി കുറ്റപത്രം.
സംഘടനാ സെക്രട്ടറി എം ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗീരീഷ് എന്നിവർ കടത്തിന് നേതൃത്വം നൽകി. കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കുഴൽ ഒഴുകിയ വഴി
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാർച്ച് അഞ്ചുമുതൽ ഏപ്രിൽ അഞ്ചുവരെ ബിജെപി കുഴൽപ്പണമെത്തിച്ചു. ആദ്യഘട്ടം 23 കോടിയും രണ്ടാംഘട്ടം 17 കോടിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ 12 കോടി ഇറക്കി.
മാർച്ച് അഞ്ചിന് രണ്ടുകോടിയും എട്ടിന് ഒന്നരക്കോടിയും എത്തിച്ചു. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിന്റെ നിർദേശപ്രകാരം ജീവനക്കാരൻ ബീനീതിന് ഇത് കൈമാറി. 12ന് ധർമ്മരാജന്റെ സഹായികളായ ഷംജീറും റഷീദും തൃശൂരിലെത്തി ജില്ലാട്രഷറർ സുജ്ജയ്സേനന് രണ്ടു കോടിയും 13ന് ഒന്നരക്കോടിയും കൈമാറി.
ബിജെപി കോഴിക്കോട് ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണന് രണ്ടുതവണയായി രണ്ടരക്കോടി കൈമാറി. മാർച്ച് 22ന് കണ്ണൂർ ഓഫീസ് ജീവനക്കാരൻ ശരത്തിന് 1.40 കോടിയും 23ന് രാവിലെ ബിജെപി മേഖലാ സെക്രട്ടറി സുരേഷിന് ഒന്നരക്കോടിയും നൽകി. ഇതേദിവസം ഷംജീർ ആലപ്പുഴയിലെത്തി മേഖല സെക്രട്ടറി പത്മകുമാറിനെ ഒന്നരക്കോടി രൂപ ഏൽപ്പിച്ചു. ഗിരീഷിന്റെ നിർദേശപ്രകാരം 26ന് ഷംജീർ ബാംഗ്ലൂരിലെത്തി ഗുണ്ടൽപേട്ട സ്വദേശി ശ്രീനിവാസനിൽ നിന്നും 13.5 കോടി കൈപ്പറ്റി. രണ്ടുലോഡായി ഇത് കോഴിക്കോട്ടെത്തിച്ചു. ഇതിൽ 6.3 കോടി പിക്കപ്പ്വാനിൽ ഏപ്രിൽ രണ്ടിന് തൃശൂർ ബിജെപി ഓഫീസിലെത്തിച്ചു. ഇതേ ദിവസം ആലപ്പുഴയെത്തിക്കാനുള്ള മൂന്നരക്കോടി കാറിൽ തൃശൂരിലെത്തിച്ചു. മൂന്നിന് പുലർച്ചെ പണവുമായി പോകുമ്പോഴാണ് കൊടകരയിൽ കവർച്ച നടന്നത്. ആലപ്പുഴയിലേക്കും പത്തനംതിട്ടയിലേക്കും 1.40 കോടിരൂപ ലോറിയിൽ എത്തിച്ചു. പത്തനംതിട്ടയിൽ ജില്ലാ ബിജെപി ഓർഗനൈസിങ് സെക്രട്ടറി അനിലിനാണ് പണം കൈമാറിയത്. തൃശൂരിലേക്ക് 1.68 കോടി കൂടി എത്തിച്ചതായും ധർമരാജന്റെ മൊഴിയിലുണ്ട്.