സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഐഎൻഎൽ സംസ്ഥാന നേതാക്കൾക്കെതിരെ കേസെടുക്കും. എന്നാൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ കേസെടുക്കേണ്ടെന്നാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസെടുക്കുമോയെന്ന് വ്യക്തമല്ല, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
രണ്ടാം പിണറായി മന്ത്രിസഭയിൽ ഐഎൻഎല്ലിന് മന്ത്രിസ്ഥാനം നൽകിയിരുന്നു. അധികാരമേറ്റ് മൂന്ന് മാസം തികയും മുമ്പേയാണ് ഐഎൻഎല്ലിൽ തമ്മിലടി ആരംഭിച്ചിരിക്കുന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവിൽ മുന്നണി നയങ്ങൾക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും മുസ്ലിം ലീഗുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നുമാണ് ആരോപണം. ഇക്കാര്യത്തിൽ സിപിഎം കോഴിക്കോട് ജില്ലാ ഘടകം പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ പിഎസ്സി അംഗത്വം വിൽപ്പനയ്ക്കുവെച്ചന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഉൾപ്പോര് മറനീക്കി പുറത്തുവന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൊച്ചിയിൽ ചേര്‍ന്നത്. ഇത് വാര്‍ത്തയായതോടെ 32 പേരുണ്ടായിരുന്ന യോഗം 20 പേരായി ചുരുക്കി. ഇതിനു പിന്നാലെയാണ് യോഗത്തിൽ സംഘര്‍ഷം ഉണ്ടായത്. ഇതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മാസ്ക് പോലും ഇല്ലാതെയാണ് പ്രവര്‍ത്തകര്‍ റോഡിൽ സംഘടിച്ചത്. പിന്നീട്, യോഗം നടന്ന സ്വകാര്യ ഹോട്ടലിന്റെ ഉള്ളിലേക്കും കയ്യാങ്കളി വ്യാപിക്കുകയായിരുന്നുു. പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.