തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രധാന പ്രതികൾ കസ്റ്റഡിയിൽ. നാല് പ്രതികളാണ് പോലീസ് കസ്റ്റഡിയിലായത്. തൃശ്ശർ അയ്യന്തോളിലെ ഒരു ഫ്ളാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പർമാർക്കറ്റിൽ ഇവർ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കേസിലെ ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു, ജിൽസ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്ന് വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.നേരത്തെ ഇവർ തൃശ്ശൂരിലുണ്ടെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാർനേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ.കെ. ദിവാകരൻ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാർ പിരിച്ചുവിട്ടത്.മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാർ (ജനറൽ) എംസി അജിത്തിനെ കരുവന്നൂർ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ബാങ്ക് സെക്രട്ടറി ഉൾപ്പടെ നാലോളം പേരെ സസ്പെന്റ് ചെയ്തിരുന്നു. മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനിൽ, കിരൺ, ബിജോയ് എന്നിവരുടെ പേരിലാണ് കേസ്. വിശ്വാസവഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് പുറമെ ബാങ്ക് ജീവനക്കാർ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേർത്തിട്ടുണ്ട്. ടി.ആർ. സുനിൽകുമാറും ബിജുവും സി.പി.എം. ലോക്കൽ കമ്മിറ്റി അംഗങ്ങളും ജിൽസ് പാർട്ടി അംഗവുമാണ്.
Content Highlights: Karuvannur bank fraud: Four accused are in police custody