തൃശൂർ: കൊടകര കേസിൽ ധർമ്മരാജനെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്കെ. സുരേന്ദ്രൻ. കൊടകരയിൽ കവർച്ച ചെയ്തത് ബി.ജെ.പിയുടെ പണമല്ലെന്നാണ് സുരേന്ദ്രൻ നൽകിയിരിക്കുന്ന മൊഴി. സംഭവത്തിന് ശേഷം മകന്റെ ഫോണിലൂടെ ധർമ്മരാജനുമായി സംസാരിച്ചിരുന്നെന്നും കവർച്ചയെക്കുറിച്ച് അറിഞ്ഞപ്പോൾ പരാതി നൽകാൻ നിർദ്ദേശിച്ചതായും സുരേന്ദ്രൻ മൊഴി നൽകി. എന്നാൽ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോൾ വിശ്വാസം വരുന്നില്ല എന്നു സുരേന്ദ്രൻ പറഞ്ഞതായാണ് ധർമ്മരാജന്റെ മൊഴി.
ധർമ്മരാജനെ ആറുവർഷമായി അറിയാമെന്നും കവർച്ചയ്ക്ക് ശേഷം ധർമ്മരാജൻ തന്റെ വീട്ടിൽ വന്നിരുന്നതായും സുരേന്ദ്രന്റെ മൊഴിയിലുണ്ട്. ഇലക്ഷൻ കഴിയുന്ന വരെ കാത്തിരിക്കാൻ പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ പറയുന്നു. തന്റെ വീടിനടുത്തുള്ള ഒരു അഭിഭാഷകനെ കാണാൻ എത്തിയപ്പോഴാണ് തന്റെ വീട്ടിലും ധർമ്മരാജൻ എത്തിയതെന്നാണ് സുരേന്ദ്രൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. വീട്ടിൽ വന്നപ്പോൾ പണം കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട് കേസ് കൊടുത്തിരുന്നോ എന്ന് ധർമ്മരാജനോട് താൻ ചോദിച്ചുിരുന്നെന്നും കെ.സുരേന്ദ്രൻ പോലീസിന് നൽകിയിരിക്കുന്ന മൊഴിയിൽ പറയുന്നു.
കോന്നിയിൽ തന്റെ പ്രചാരണത്തിന് ധർമ്മരാജൻ എത്തിയിരുന്നോ എന്ന് ചോദ്യത്തിന് എത്തിയിട്ടുണ്ടാകാമെന്നാണ് സുരേന്ദ്രൻ നൽകിയ മറുപടി. ധർമ്മരാജന് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണച്ചുമതല ഉണ്ടായിരുന്നതായും സുരേന്ദ്രൻ പറഞ്ഞെങ്കിലും എവിടെയൊക്കെയാണ് ധർമ്മരാജന് തിരഞ്ഞെടുപ്പ് സാമഗ്രഹികൾ എത്തിച്ചതെന്ന് അറിയില്ലെന്നുമാണ് സുരേന്ദ്രൻ പറയുന്നത്.
കൊടകരയിൽ കവർച്ച നടന്നതിന് പിന്നാലെ ബി.ജെ.പി. നേതാക്കളായ കാശിനാഥനും സുജയ്സേനനും ധർമ്മരാജൻ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇക്കാര്യം തനിക്ക് അറിയാമെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് സുരേന്ദ്രൻ നൽകിയ മറുപടി. എന്നാൽ ധർമ്മരാജന്റെ പണമിടപാടുകളുമായി ബി.ജെ.പിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന കാര്യത്തിൽ സുരേന്ദ്രൻ ഉറച്ചുനിന്നു. ഈ മാസം 14-നാണ് കൊടകര കേസിൽ കെ.സുരേന്ദ്രനെ പോലീസ് ചോദ്യം ചെയ്തത്.
Content Highlights: K Surendran suspends Dharmarajansclaim on BJPs involvement on kodakara case