പുതുക്കാട് > കേരളത്തിലേത് ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സംവിധാനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. കോവിഡ് കാലത്ത് എല്ലാവർക്കും സൗജന്യ ചികിത്സ നൽകുന്ന ഏക സംസ്ഥാനം കേരളമാണ്. മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക വഴി മരണ നിരക്ക് കുറയ്ക്കാനായി.
അഞ്ചു വർഷത്തിനുള്ളിൽ കേരളത്തെ ലോക നിലവാരത്തിൽ എത്തിക്കുകയാണ് എൽഡിഎഫ് തുടർഭരണം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതുക്കാട്ട് കെ കെ രാമചന്ദ്രൻ എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വിജ്ഞാന സമൂഹം വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തൊഴിൽ തേടി വിദേശത്ത് പോകുന്നതിനു പകരം വിജ്ഞാനം തേടി കേരളത്തിലേക്ക് വരുന്ന സ്ഥിതിയുണ്ടാവും. പഠനത്തിനൊപ്പം തൊഴിൽ നൈപുണ്യം വളർത്തിയെടുക്കും.
കാർഷിക മേഖലകളിൽ ഉൽപ്പാദന വർധനയ്ക്കൊപ്പം തൊഴിൽ സംരംഭങ്ങൾക്ക് പ്രധാനം നൽകും. മൂല്യവർധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ സഹായം നൽകും. ഇവയുടെ വിപണനത്തിനും സൗകര്യമൊരുക്കും. 1957ലെ ഇ എം എസ് സർക്കാരിന്റെ കാലം മുതൽ കമ്യൂണിസ്റ്റ് സർക്കാരുകൾ സമൂഹത്തെ അടിമുടി മാറ്റുന്നതിനുള്ള നിയമങ്ങളാണ് നടപ്പാക്കിയത്. ജന്മിത്വം അവസാനിപ്പിച്ച കാർഷിക പരിഷ്കാരം, ഭൂപരിഷ്കരണ നിയമം എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.
തുടർഭരണത്തിന് ഇടതുപക്ഷത്തിന് പുറത്തുള്ളവരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഈ ജനവിഭാഗങ്ങളുടെയെല്ലാം സഹകരണത്തോടെ കേരളത്തെ ലോകത്തിന് നെറുകയിലേക്ക് ഉയർത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനായി.