തൊടുപുഴ > കോവിഡ് ഡി കാറ്റഗറിയിൽ ഉൾപ്പെട്ട കുമാരമംഗലം പഞ്ചായത്തിൽ ചിത്രീകരണം നടത്തിയ സിനിമാ അണിയറ പ്രവർത്തകർക്കെതിരെ കേസ്. കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് പ്രൊഡക്ഷൻ കൺട്രോളർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 പേരെ പ്രതിയാക്കി കേസെടുത്തതായി തൊടുപുഴ സിഐ പറഞ്ഞു. ടോവിനോ തോമസ് നായകനാകുന്ന ‘മിന്നൽ മുരളി’യുടെ ചിത്രീകരണമാണ് നടക്കുന്നത്.
ബുധനാഴ്ച സർക്കാർ പുറത്തിറക്കിയ പട്ടികയിൽ കുമാരമംഗലം പഞ്ചായത്ത് കോവിഡ് ഡി കാറ്റഗറിയിൽ ഉൾപ്പെട്ടു. ശനിയാഴ്ച ഇവിടെ ഷൂട്ടിങ് നടക്കുന്നത് കണ്ട് നാട്ടുകാരാണ് തടഞ്ഞത്. അനുമതി ഉണ്ടെന്ന് അണിയറ പ്രവർത്തകർ പറഞ്ഞെങ്കിലും നാട്ടുകാർ പ്രതിഷേധം തുടർന്നു. തൊടുപുഴ സിഐയുടെ സംഘമെത്തിയാണ് ചിത്രീകരണം അവസാനിപ്പിച്ചത്.
എന്നാൽ, സിനിമയ്ക്കായി ഏതാനും ദിവസം മുമ്പ് വലിയ സെറ്റ് ഒരുക്കിയിരുന്നെന്നും അപ്രതീക്ഷിതമായി പഞ്ചായത്ത് ഡി കാറ്റഗറിയിൽ ഉൾപ്പെട്ടതാണെന്നും അണിയറ പ്രവർത്തകർ പറയുന്നു. 2019 മുതൽ തുടങ്ങിയ ചിത്രീകരണം ഏകദേശം പൂർത്തിയായിരുന്നു. എന്നാൽ ഏതാനും സീനുകൾ വീണ്ടും ചിത്രീകരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് കുമാരമംഗലത്തെത്തിയത്. ഇൻഡോർ ഷൂട്ടിങ് മാത്രമാണ് നടന്നതെന്നും ഇവർ പറഞ്ഞു. സിനിമയുടെ ടീസർ ഏതാനം ദിവസം മുമ്പ് പുറത്തിറക്കിയിരുന്നു.