തൃശൂർ > നിയമസഭാ – -തദ്ദേശ- തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ധർമരാജൻവഴി ബിജെപി കേരളത്തിലെത്തിച്ചത് 52 കോടിയുടെ കുഴൽപ്പണം. കർണാടകത്തിൽനിന്ന് 17 കോടിയും കോഴിക്കോട്ടെ ഏജന്റുമാരിൽനിന്ന് 23 കോടിയും സമാഹരിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പിന് 40കോടി ഇറക്കിയത്. തദ്ദേശതെരഞ്ഞെടുപ്പിന് ബംഗളൂരുവിൽനിന്നാണ് 12 കോടി എത്തിച്ചതെന്നും കൊടകര കുഴൽപ്പണക്കവർച്ച കേസിൽ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
മാർച്ച് അഞ്ചുമുതൽ ഏപ്രിൽ അഞ്ചുവരെയാണ് വിവിധ ജില്ലകളിലെ ബിജെപി നേതാക്കൾക്ക് പണം വിതരണം ചെയ്തത്. മാർച്ച് ആറിന് ബംഗളൂരുവിൽനിന്ന് ധർമരാജന്റെ സഹോദരൻ ധനരാജൻ വഴി കൊണ്ടു വന്ന 4.4 കോടി സേലത്തുവച്ച് കവർന്നതായും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തിൽ വ്യക്തമാക്കി. കൊടകരയിൽ കവർച്ച നടന്ന ദിവസം പിക്കപ്പ് വാനിൽ തൃശൂർ ബിജെപി ഓഫീസിൽ 6.3 കോടി രൂപ എത്തിച്ചു. ആലപ്പുഴയിലും പത്തനംതിട്ടയിലും 1.4 കോടി രൂപ വീതവും നേരത്തെ എത്തിച്ചിരുന്നു.
കുഴൽപ്പണക്കടത്തുകാരനായ ആർഎസ്എസ് പ്രവർത്തകൻ ധർമരാജനുമായി ബിജെപി സംസ്ഥാനപ്രസിഡന്റ് സുരേന്ദ്രന് അടുത്ത ബന്ധമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ കോന്നിയിലും ധർമരാജൻ പണം വിതരണംചെയ്തു. സുരേന്ദ്രന്റെ നിർദേശപ്രകാരം മൂന്നുതവണ കോന്നിയിലെത്തി. ഇതിന് പ്രത്യേക ഡ്രൈവറെ അനുവദിച്ചിരുന്നു. സുരേന്ദ്രൻ നിർദേശിച്ച പഞ്ചായത്ത് മെമ്പർമാരെയും ചുമതലക്കാരെയും കണ്ട് പണം കൈമാറി.
കവർച്ച നടന്നയുടൻ കെ സുരേന്ദ്രനെയും മകൻ ഹരികൃഷ്ണൻ, പ്രൈവറ്റ് സെക്രട്ടറി ദിപിൻ, ഡ്രൈവർ ലെബീഷ് എന്നിവരേയും ധർമരാജൻ വിളിച്ചു. കവർച്ചാദിവസവും തലേന്നുമായി ഹരികൃഷ്ണന്റെ ഫോണിലേക്ക് 10 തവണയും ജില്ലാ ട്രഷറർ സുജയസേനന്റെ ഫോണിലേക്ക് 15 തവണയും വിളിച്ചു. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനെ വിളിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.