തിരുവനന്തപുരം > വകുപ്പുകൾ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തുന്നതിൽ പിഎസ്സിയുടേത് കൃത്യമായ നടപടി. ഒന്നാംഘട്ട കോവിഡ് അടച്ചുപൂട്ടൽ സമയത്തുപോലും എൽഡിസി (ലോവർ ഡിവിഷൻ ക്ലർക്ക്), എൽജിഎസ് (ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്) ഉദ്യോഗാർഥികൾക്ക് പരമാവധി നിയമന ശുപാർശ നൽകി.
എൽഡിസി റാങ്ക്പട്ടികയിൽനിന്ന് 15 വരെ 10,088 പേർക്ക് നിയമന ശുപാർശകളയച്ചു. 211 എണ്ണം അയക്കാൻ തയ്യാറായി. ലാസ്റ്റ് ഗ്രേഡിൽ 15 വരെ 6871 പേർക്ക് നിയമന ശുപാർശ അയച്ചു. 296 എണ്ണം അയക്കാൻ തയ്യാറായെന്ന് പിഎസ്സി അധികൃതർ പറഞ്ഞു. ഒന്നാം തരംഗ കോവിഡ് വ്യാപനവും അടച്ചുപൂട്ടലും ശക്തമായിരുന്ന 2020 മാർച്ച് മുതൽ ജൂലൈ 21 വരെ എൽഡിസി വിഭാഗത്തിൽ 4536 ഉം എൽജിഎസിൽ 2672 ഉം പേർക്ക് നിയമന ശുപാർശ അയച്ചു. വകുപ്പുകളിൽ അവശ്യജീവനക്കാർപോലും ഹാജരാകാതിരുന്നപ്പോഴായിരുന്നു ഇത്. പിഎസ്സി ഓഫീസുകൾപോലും പൂർണതോതിൽ പ്രവർത്തിക്കാതിരുന്നപ്പോഴും നിയമന ശുപാർശകൾ അയക്കുന്നതിൽ ജാഗ്രത പുലർത്തി. തിരുവനന്തപുരം ജില്ലയിൽമാത്രം വെള്ളിയാഴ്ച എൽജിഎസിന് നൂറും എൽഡിസിക്ക് ഇരുപത്തഞ്ചും ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആഗസ്ത് നാലിന് അവസാനിക്കുന്ന 493 റാങ്ക് പട്ടികയിൽ പെടുന്നതാണ് ഇവയും. കാലാവധിക്കുമുമ്പ് പരമാവധി ഒഴിവുകളിൽ നിയമനം നടത്താനുള്ള ശ്രമത്തിലാണ് പിഎസ്സിയും.