ഇസ്ലാമാബാദ് > സ്വതന്ത്രരാഷ്ട്രമായി നിൽക്കണോയെന്ന് തീരുമാനിക്കാൻ കശ്മീർ ജനതയെ അനുവദിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. പാക് അധീന കശ്മീരിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കവെയാണ് പാകിസ്ഥാന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ പരാമർശം. “”യുഎൻ പ്രമേയപ്രകാരം കശ്മീരികൾക്ക് അവരുടെ ഭാവി തീരുമാനിക്കാൻ അനുവദിക്കപ്പെടുന്ന ഒരു ദിവസം വരും.
അന്ന് കശ്മീർജനത പാകിസ്ഥാനൊപ്പം നിൽക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഇതിനുശേഷം പാകിസ്ഥാനിൽ തുടരണോ അതോ സ്വതന്ത്രരാഷ്ട്രമായി നിൽക്കണോയെന്ന് തീരുമാനിക്കാൻ മറ്റൊരു ഹിതപരിശോധനകൂടി നടത്തുമെന്നും” ഇമ്രാൻഖാൻ പറഞ്ഞു. കശ്മീരിനെ പ്രവിശ്യയായി മാറ്റാൻ സർക്കാർ തീരുമാനിച്ചതായി പ്രതിപക്ഷ പാർടിയായ പിഎംഎൽ(എൻ) നേതാവ് മറിയം നവാസ് ആരോപിച്ചിരുന്നു.
ഇത് തള്ളിക്കൊണ്ടാണ് ഇമ്രാൻ നിലപാട് പ്രഖ്യാപിച്ചത്. ഇമ്രാന്റെ പ്രസ്താവന ചരിത്രപരവും ഭരണഘടനാപരവുമായ നിലപാടിൽ നിന്നുള്ള വ്യതിചലനമാണെന്ന് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് വിമർശിച്ചു. ഇന്ത്യയോ പാകിസ്ഥാനോയെന്ന് തീരുമാനിക്കാൻ കശ്മീരിൽ ഹിതപരിശോധന വേണമെന്ന യുഎൻ നിലപാടാണ് പാകിസ്ഥാൻ സ്വീകരിച്ചിരുന്നത്. കശ്മീരികൾക്ക് സ്വതന്ത്ര രാഷ്ട്രമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നില്ല.