അത്ലറ്റിക്സ് എന്നാൽ ഇന്ത്യക്ക് പി ടി ഉഷ മാത്രമായിരുന്നു ഒരുകാലത്ത്. മിൽഖാ സിങ്ങിനു ശേഷം ഇന്ത്യയുടെ ഒളിമ്പിക്സ് സ്വപ്നങ്ങളുടെ ഭാരമത്രയും ഈ പയ്യോളിക്കാരിയിൽ ആയിരുന്നു. 1980ൽ മോസ്കോയിൽ 100മീറ്ററിന്റെയും 200 മീറ്ററിന്റെയും ഹീറ്റ്സിൽ കുതിപ്പ് അവസാനിച്ചെങ്കിലും 1984ൽ ലൊസ് ആഞ്ചലസിൽ മെഡലിന് തൊട്ടടുത്തുവരെ എത്തി. ഓട്ടക്കാരിയായും പരിശീലകയായുമുള്ള ഉഷയുടെ വിസ്മയഭരിതമായ ഒളിമ്പിക്സ് അനുഭവങ്ങളെക്കുറിച്ച്
പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷയ്ക്ക് മുഖവുര ആവശ്യമില്ല. ഇന്ത്യ ഉഷയിലേക്ക് ചുരുങ്ങിയ സുവർണനിമിഷങ്ങൾ രാജ്യം മറക്കുകയുമില്ല. അത്ലറ്റിക്സിൽ ഉഷയ്ക്കു മുമ്പുംപിമ്പും എന്നിങ്ങനെ രണ്ടുകാലമായിരുന്നു ഇന്ത്യക്ക്. ഒളിമ്പിക്സിൽ രണ്ടുനൂറ്റാണ്ടിന്റെ കാഴ്ചയും അനുഭവവും. ഓരോ മാറ്റത്തിനും നേർസാക്ഷിയായി ഈ പയ്യോളിക്കാരി. ഓടിയും ഓടിപ്പിച്ചും എട്ട് ഒളിമ്പിക്സിൽ സാന്നിധ്യം. മോസ്കോമുതൽ ടോക്യോവരെയുള്ള പതിനൊന്ന് മേളകളിൽ ഉഷയില്ലാത്തവ മൂന്നു മാത്രം, 1992 ബാഴ്സലോണയും 2008 ബീജിങ്ങും ഇപ്പോൾ ടോക്യോയും. 1984 ലൊസ് ആഞ്ചലസ് ഇപ്പോഴും നീറ്റുന്നു. അന്നാണല്ലോ ലോകത്തിന്റെ നെറുകയിലേക്ക് ഉഷ ഓടിക്കയറിയത്. സെക്കൻഡിന്റെ നൂറിലൊരംശത്തിൽ സുവർണമോഹങ്ങൾ പൊലിഞ്ഞത്. ഇന്ത്യ ഒന്നാകെ തേങ്ങിയത്. സോളിൽ ബെൻ ജോൺസന്റെയും കാൾ ലൂയിസിന്റെയും നൂറ്റാണ്ടിന്റെ പോരാട്ടം, മൈക്കേൽ ഫെൽപ്സിന്റെ നീന്തൽക്കുളത്തിലെ അത്ഭുതം, യുസൈൻ ബോൾട്ട് ട്രാക്കിൽ അവതരിച്ചത്… ഒളിമ്പിക്സിലെ പോയകാലത്തെ അടയാളപ്പെടുത്തലുകൾക്ക് ഉഷ സാക്ഷിയായി.
1980 മോസ്കോ
ട്രാക്കിൽ വെടിമുഴങ്ങി. നൂറുമീറ്റർ ഹീറ്റ്സ്. എല്ലാവരും കുതിച്ചു. സ്റ്റേഡിയത്തിൽ കൈയടി നിറഞ്ഞു. ഏവരുടെയും നോട്ടം ഒരു പതിനാറുകാരിയിലായിരുന്നു. പക്ഷേ, വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. സർവശക്തിയുമെടുത്ത് കുതിച്ചോടി. ആറാമതായി അവസാനിപ്പിച്ചു. 200 മീറ്ററിലും ഇതാവർത്തിച്ചു. പയ്യോളിയിൽനിന്നുള്ള കൗമാരക്കാരിക്ക് മോസ്കോ അമ്പരപ്പായിരുന്നു. നാട്ടിൽനിന്ന് ആറായിരത്തോളം കിലോമീറ്റർ അകലെയുള്ള സോവിയറ്റ് യൂണിയൻ. സ്വപ്നതുല്യമായ യാത്ര. എല്ലാം ആദ്യാനുഭവം. വിമാനത്തിൽ പറന്നത്, സിന്തറ്റിക് ട്രാക്ക്, വിദേശ സ്പൈക്. മോസ്കോയുടെ പ്രതാപം അതുവരെ കേട്ടുകേൾവിയായിരുന്നു. ഒളിമ്പിക്സ് മധുരം ആ പാവാടക്കാരിയും നുണഞ്ഞു. ശീതയുദ്ധം കൊടുമ്പിരികൊള്ളുന്ന കാലം. ബഹിഷ്കരണവും വെല്ലുവിളികളും നിറഞ്ഞ നാളുകൾ. അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് കടന്നുകയറ്റം ആരോപിച്ച് അമേരിക്കയും സഖ്യകക്ഷികളും ബഹിഷ്കരിച്ചു. പ്രൗഢിക്ക് കുറവുണ്ടായില്ല. സർവശേഷിയും പുറത്തെടുത്തു വിപ്ലവഭൂമി. അതിനൂതന സാങ്കേതികവിദ്യകളായിരുന്നു വേദികളിൽ. ആ സംവിധാനങ്ങൾ കണ്ട് ഉഷ തരിച്ചുപോയി. ലെനിൻ സ്റ്റേഡിയത്തിലെ ഫ്ലഡ്ലിറ്റിന്റെ വെളിച്ചം ഇന്നും കണ്ണിലുണ്ട്. സ്വന്തമായി പരിശീലകനുണ്ടായിരുന്നില്ല. പലപ്പോഴും ഒറ്റയ്ക്കായിരുന്നു. കൂട്ടിനാരുമില്ല. ഒളിമ്പിക് ഗ്രാമത്തിൽനിന്ന് പുറത്തുകടക്കുമ്പോൾ ഓരോ ചുമരും നമ്പറുമെല്ലാം ഓർത്തുവയ്ക്കും. ഇല്ലെങ്കിൽ വഴിതെറ്റും. തിരിച്ചുവരാനാകില്ല. ആദ്യം പ്രയാസപ്പെട്ടു. പിന്നെ വഴികൾ മനഃപാഠമായി.
1984 ലൊസ് ആഞ്ചലസ്
അമേരിക്കയിൽ പുതിയ ഉഷയായിരുന്നു. ബാല്യത്തിന്റെ പകപ്പില്ല. ശരീരത്തിനും മനസ്സിനും ബലംകൂടി. ലൊസ് ആഞ്ചലസിൽ ഒ എം നമ്പ്യാർ എന്ന മികവുറ്റ പരിശീലകൻ കൂട്ടിനെത്തി. ഒളിമ്പിക്സ് മുമ്പേ മനസ്സിലുണ്ടായിരുന്നു. നൂറും ഇരുനൂറും വിട്ട് 400 മീറ്റർ ഹർഡിൽസിൽ എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചു. ഹീറ്റ്സിൽനിന്ന് സെമിയിലേക്ക്. പിന്നീട് ഫൈനലിലേക്ക്. സെമിയിൽ മത്സരിച്ച 16 പേരിൽ ഉഷ മൂന്നാമതെത്തി. ആഗസ്ത് എട്ട്, ബുധനാഴ്ച. സന്ധ്യാസമയം. ഒരിക്കൽക്കൂടി ഇന്ത്യ നിമിഷങ്ങളുടെ വിലയറിഞ്ഞു. സെക്കൻഡിന്റെ നൂറിലൊരംശത്തിൽ സുവർണമോഹം പൊലിയുന്നത് കണ്ട് കണ്ണീരണിഞ്ഞു. 55.42 സെക്കൻഡ് എന്ന തന്റെ ഏറ്റവും നല്ല സമയം കുറിച്ചെങ്കിലും 0.01 സെക്കൻഡിന്റെ വ്യത്യാസത്തിൽ ഉഷ നാലാംസ്ഥാനത്തെത്തി. റുമാനിയയുടെ ക്രിസ്റ്റ്യാന കൊജാകരുവും ഉഷയും ഒരുമിച്ചാണ് അവസാനവര കടന്നതെങ്കിലും ഫോട്ടോഫിനിഷിൽ ഇരുപതുകാരി പിന്തള്ളപ്പെട്ടു. ലൊസ് ആഞ്ചലസ് മെമ്മോറിയൽ കൊളീസിയത്തിൽ ഉഷ കുറിച്ച 55.42 സെക്കൻഡ് ദേശീയ റെക്കോഡ് 37 വർഷത്തിനുശേഷവും ഇളകിയിട്ടില്ല.
ഒളിമ്പ്യന്മാരായ ടിന്റു ലൂക്ക, ജിസ്ന മാത്യു എന്നിവർ പി ടി ഉഷയ്ക്കൊപ്പം
ഒളിമ്പ്യന്മാരായ ടിന്റു ലൂക്ക, ജിസ്ന മാത്യു എന്നിവർ പി ടി ഉഷയ്ക്കൊപ്പം
ഇന്നും മായാത്ത ആ മുറിവ്
‘എന്നെയും ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞായിരുന്നു നമ്പ്യാർ സാർ സ്റ്റേഡിയം വിട്ടത്.’ പുറത്തെത്തിയപ്പോൾ ആദ്യമെത്തിയത് ഇന്ദിരാഗാന്ധിയുടെ സന്ദേശമായിരുന്നു. ‘ഉഷയ്ക്കല്ല, ഇന്ന് രാജ്യത്തിനാകെ ഭാഗ്യമില്ലാതെ പോയി. തളരരുത്. നേടാൻ ഇനിയുമേറെയുണ്ട്’– -ഈ വാക്കുകൾ ഹൃദയം തണുപ്പിച്ചു. സോവിയറ്റ് യൂണിയനും കൂട്ടരും ലൊസ് ആഞ്ചലസ് ബഹിഷ്കരിച്ചു. അവിടെ എല്ലാം കൈയെത്തും ദൂരത്തായിരുന്നു. ഒളിമ്പിക് ഗ്രാമത്തിന് അടുത്തുതന്നെ സിന്തറ്റിക് ട്രാക്ക്. പരിശീലനം എളുപ്പമായി. എല്ലാ വൻകരകളിലെയും ഭക്ഷണം ഏതുസമയത്തും തീൻമേശയിൽ. രസകരമായ അനുഭവങ്ങളുമുണ്ട്. മികച്ച പ്രകടനവുമായി ഫൈനലിൽ എത്തിയതോടെ ഉഷയ്ക്കു ചുറ്റും കണ്ണുകളുണ്ടായി. വിദേശപരിശീലകർ ഒപ്പംകൂടി. പരിശീലനം ശ്രദ്ധിക്കാൻ തുടങ്ങി. നാട്ടിൽനിന്ന് കടുമാങ്ങാ അച്ചാറുമായാണ് അന്ന് ഉഷ എത്തിയത്. ക്യാന്റീനിൽ ഭക്ഷണം കഴിക്കവെ ഒരു യൂറോപ്യൻ പരിശീലകനെത്തി. മികവിന്റെ രഹസ്യം എന്തായിരുന്നു എന്ന് ചോദ്യം. അച്ചാർ ചൂണ്ടി, ഇതെന്ന് ഉഷ. രുചി നോക്കിക്കോട്ടെ എന്ന് സായിപ്പ്. ഉഷ അച്ചാർ നൽകി. എരിവുകൊണ്ട് സായിപ്പിന് നിൽക്കക്കള്ളിയില്ലാതായി. വനിതകളുടെ 3000 മീറ്ററിൽ അമേരിക്കൻ സ്വർണപ്രതീക്ഷയായിരുന്ന മേരി ഡെക്കറെ ബ്രിട്ടന്റെ സോളാ ബഡ് ഇടംകാലിനാൽ വീഴ്ത്തുന്നതിന് സാക്ഷിയായി. ഡെക്കർ പരിക്കേറ്റ് കണ്ണീരോടെ മടങ്ങി.
1988 സോൾ
സോളിൽ കാഴ്ചകളുടെ വസന്തമായിരുന്നു. കൊറിയൻ സംസ്കാരം പൂത്തുലഞ്ഞ മേള. കാലാനുസൃതമായ മാറ്റത്തിന് സാക്ഷിയായ ഒളിമ്പിക്സ്. വ്യത്യസ്ത അനുഭവങ്ങൾ. രണ്ട് ഒളിമ്പിക്സിന്റെ ഇടവേള കഴിഞ്ഞ് സോവിയറ്റ് യൂണിയനും അമേരിക്കയും മുഖാമുഖം. ഇരുടീമും തമ്മിലുള്ള വാശി അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജയിക്കാനുള്ള അവരുടെ സമർപ്പണം മാതൃകയാക്കണം. ബഹിഷ്കരണവും വിദ്വേഷവും സോളിലും തുടർന്നു. ഉത്തര കൊറിയയായിരുന്നു പിന്മാറിയത്. സോളിൽ ഉഷയുടെ മനംകവർന്നത് അമേരിക്കൻ സ്പ്രിന്റർ ഫ്ലോറെൻസ് ഗ്രിഫിത് ജോയ്നറായിരുന്നു. ട്രാക്കിലെ കൊടുങ്കാറ്റ്. ലോകത്തിലെ ഏറ്റവും വേഗക്കാരി. നൂറു മീറ്ററിൽ ജോയ്നറുടെ സമയം തിരുത്താൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. ഓട്ടത്തിനൊപ്പം സൗന്ദര്യവും ആകർഷിച്ചു. ഓരോ മത്സരത്തിനും വ്യത്യസ്ത വേഷങ്ങളിലാണ് ജോയ്നർ എത്തുക. നൂറു മീറ്ററിൽ ലോകം കാത്തിരുന്ന ബെൻ ജോൺസൺ–- കാൾ ലൂയിസ് മുഖാമുഖവും അവിടെയായിരുന്നു. ചുവന്നുകലങ്ങിയ ഉണ്ടക്കണ്ണുകളുമായി ബെൻ പൊന്നിലേക്ക് ഓടിക്കയറി. പക്ഷേ, ചരിത്രത്തിലെ മികച്ച പോരാട്ടമെന്ന വിശേഷണത്തിന് ആയുസ്സുണ്ടായില്ല. മരുന്നടിച്ചതായി തെളിഞ്ഞ ബെൻ, തലതാഴ്ത്തി മടങ്ങിയത് ഉഷ മറക്കില്ല. ലൊസ് ആഞ്ചലസിലെ മാന്ത്രികപ്രകടനം സോളിൽ ഉഷയ്ക്ക് ആവർത്തിക്കാനായില്ല. പരിക്ക് തളർത്തി. സാങ്കേതിക പരിശീലനത്തിൽ വിദേശസഹായ വാഗ്ദാനം വെറും ‘വാഗ്ദാന’മായി. കടുത്ത കാലുവേദനയുമായാണ് ഓടിയത്. ഹർഡിൽസിൽ നിരാശയായിരുന്നു ഫലം. കടമ്പകൾ കടന്നുള്ള ലാൻഡിങ്ങിൽ കാലുപൊള്ളി. ‘ഓടുമ്പോൾ മെഡൽ നേടിയാൽ കൂടെ ലോകം മുഴുവനും കാണും, മറിച്ചാണെങ്കിൽ ഒറ്റയ്ക്കാകും. ഒറ്റദിനംകൊണ്ട് അത്ലീറ്റ് വഞ്ചകരാകും’– -സോളിൽനിന്ന് തിരിച്ചെത്തിയപ്പോൾ മോശം അനുഭവമായിരുന്നു. നാട്ടിൽവരെ വഞ്ചകി എന്ന പോസ്റ്റർ ഒട്ടിച്ചു. ഇത് വിഷാദത്തിൽ എത്തിച്ചു. ജീവിച്ചതുതന്നെ ഭാഗ്യം. എല്ലാം നിർത്തിയതായിരുന്നു. കുടുംബം കൂടെനിന്നു. വാശിയോടെ തിരിച്ചുവന്നു. 1989 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കോഡോടെ നാല് സ്വർണം, ഒരു വെള്ളി ഇതായിരുന്നു ഫലം. 1991ൽ വി ശ്രീനിവാസനെ വിവാഹം ചെയ്ത ഉഷയ്ക്ക്, 1992 ബാഴ്സലോണ ഒളിമ്പിക്സിൽ പങ്കെടുക്കാനായില്ല.
1996 അറ്റ്ലാന്റ
അത്ലീറ്റായി ഉഷയുടെ അവസാന ഒളിമ്പിക്സ്. അമ്മയായശേഷമുള്ള മടങ്ങിവരവ്. എളുപ്പമായിരുന്നില്ല. തടി കൂടി. സാങ്കേതികതയിലും പിന്നിലായി. തോറ്റുകൊടുക്കാത്ത പതിവ് ആവർത്തിച്ചു ട്രാക്കിലെ റാണി. അറ്റ്ലാന്റ നാലാം ഒളിമ്പിക്സായിരുന്നു. എട്ടുവർഷത്തിനുശേഷമായിരുന്നു ഉഷ ലോകമേളയിൽ ഒരിക്കൽക്കൂടി അവതരിച്ചത്. മാറ്റങ്ങൾ ചെറുതായിരുന്നില്ല. ഒളിമ്പിക് ഗ്രാമത്തിലും സ്റ്റേഡിയത്തിലും എല്ലാ മികച്ച സൗകര്യങ്ങളുമുണ്ടായി. മെഡിക്കൽ സംഘം എപ്പോഴും തയ്യാർ. മുന്നനുഭവങ്ങളിൽനിന്ന് വ്യത്യസ്തം. കൂടെനിന്ന് പരിചരിക്കും. സ്റ്റേഡിയത്തിലേക്ക് ബസും. എല്ലാതരത്തിലുള്ള ഭക്ഷണവും. ഒന്നിനും കുറവുമുണ്ടായില്ല. നാൽപ്പത്തിനാലുവർഷങ്ങൾക്കുശേഷം ലിയാൻഡർ പേസിലൂടെ ഇന്ത്യ വ്യക്തിഗത ഇനത്തിൽ മെഡൽ നേടി അറ്റ്ലാന്റയിൽ. പുരുഷ ടെന്നീസ് സിംഗിൾസിൽ പേസ് വെങ്കലം അണിയുകയായിരുന്നു. 1952ൽ ഹെൽസിങ്കിയിൽ കെ ഡി യാദവ് ഗുസ്തിയിൽ മൂന്നാമതെത്തിയിരുന്നു. വനിതകളുടെ 4x-400 മീറ്റർ റിലേ സംഘത്തിലായിരുന്നു ഉഷ. ഓടിയില്ല. കാഴ്ചക്കാരിയായി ഒരു യുഗം അവസാനിപ്പിച്ചു.
2000 സിഡ്നി
സ്റ്റേഡിയം സ്റ്റാൻഡിൽനിന്ന് ചോദ്യമുയർന്നു. ‘ആർ യു ആൻ ഇന്ത്യൻ?’ ഒളിമ്പിക്സിന് എത്തിയ ഇന്ത്യൻ ഒഫീഷ്യൽസിൽ ഒരാളുടെ ചോദ്യം. ഉഷ മറുപടിക്ക് മുതിർന്നില്ല. ശാന്തയായി ഇരുന്നു. സിഡ്നി ഉഷയ്ക്ക് സ്വാതന്ത്ര്യത്തിന്റെ മേളയായിരുന്നു. ഭാരങ്ങളൊന്നുമില്ലാതെ കാണികളിൽ ഒരാളായി. കൈയടിച്ചു, ആർപ്പുവിളിച്ചു, പൊട്ടിച്ചിരിച്ചു. രണ്ടായിരത്തിന്റെ ആദ്യമാണ് ഉഷയെന്ന പയ്യോളി എക്സ്പ്രസ് ട്രാക്ക് വിട്ടത്. സിഡ്നിയിൽ റെയിൽവേയ്്സിന്റെ നിരീക്ഷകയായാണ് എത്തിയത്. മുമ്പ് നാല് ഒളിമ്പിക്സിലും മത്സരിച്ചവൾ ഇത്തവണ കാഴ്ചക്കാരി. ഏറ്റവും ആസ്വദിച്ച മേള ഏതെന്നതിന് ഉഷയ്ക്ക് ഒട്ടും ആലോചിക്കേണ്ട–- സിഡ്നി. പ്രധാന മത്സരങ്ങളെല്ലാം കണ്ടു. മഹാനഗരത്തെ അറിഞ്ഞു. പാറിപ്പറക്കുകയായിരുന്നു. ഒന്നിനും ബുദ്ധിമുട്ടുണ്ടായില്ല. സിഡ്നി പയ്യോളിയെപ്പോലെ സുപരിചിതമായി. എന്താവശ്യത്തിനും വളന്റിയർമാർ ഉണ്ടായിരുന്നു. ഒറ്റ ടിക്കറ്റിൽ എവിടേക്കും പോകാം. അന്നുവരെ പണിത ഏറ്റവും വലിയ ഒളിമ്പിക്സ് സ്റ്റേഡിയമായിരുന്നു സിഡ്നിയിലേത്. 1,10,000 പേർക്ക് ഒന്നിച്ചിരുന്ന് കളി കാണാം. ഓസ്ട്രേലിയക്കാർ എല്ലാം മതിമറന്ന് ആഘോഷിക്കുന്നവരാണ്. 400 മീറ്ററിൽ നാട്ടുകാരി കാതി ഫ്രീമാൻ പൊന്നിലേക്ക് ഓടിക്കയറുമ്പോൾ സ്റ്റേഡിയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്ര ആവേശം മുമ്പും പിന്നീടും കണ്ടിട്ടില്ല. സിഡ്നിയിലെ രാത്രികൾ മോഹിപ്പിക്കുന്നതായിരുന്നു.
2004 ഏതൻസ്
പിറന്ന നാട്ടിൽ ഒളിമ്പിക്സ് തിരിച്ചെത്തി. ഏതൻസ്. രണ്ടാംവട്ടവും കാഴ്ചക്കാരിയുടെ വേഷമണിഞ്ഞാണ് ഉഷ എത്തിയത്. ചരിത്രത്തിന്റെ അവശേഷിപ്പുകളുടെ നഗരവും ഒളിമ്പിക്സിനെ ഹൃദയത്തിലേറ്റി. അഞ്ജു ബോബി ജോർജായിരുന്നു ഇന്ത്യയുടെ ആകർഷണം. ലോകവേദികളിൽ മുന്നേറി എത്തിയ അഞ്ജുവിന്റെ ചാട്ടം കാണാൻ ഉഷയുമുണ്ടായി. ലോങ്ജമ്പിൽ 6.83 മീറ്ററിൽ വ്യക്തിഗത ദൂരം താണ്ടിയെങ്കിലും അഞ്ചാമതായി. 110 മീറ്റർ ഹർഡിൽസിൽ ചൈനീസ് വിസ്മയം ലിയു ഷിയാങ്ങിന്റെ കുതിപ്പും കണ്ടു. ട്രാക്കിൽ ചൈനയ്ക്കായി പൊന്നണിയുന്ന ആദ്യ പുരുഷ അത്ലീറ്റായി ലിയു. ഷൂട്ടിങ്ങിൽ രാജ്യവർധൻ സിങ് റാത്തോഡിന്റെ വെള്ളിയിലൂടെ ഇന്ത്യ സന്തോഷിച്ച മേളകൂടിയായി ഏതൻസ്. മൊറോക്കൊക്കാരി നവാൽ എൽ മൗതവാക്കിനെ വീണ്ടും കണ്ടുമുട്ടാനായി. 1984ൽ ഉഷയെ മറികടന്ന് പൊന്നണിഞ്ഞവളാണ് നവാൽ. ആ സൗഹൃദം ഇന്നും തുടരുന്നു. കോവിഡ് കാലത്ത് സുഖമല്ലേ എന്നാരാഞ്ഞുള്ള സന്ദേശം എത്തിയിരുന്നു. 2008 ബീജിങ്ങിൽ ഉഷ ഉണ്ടായില്ല.
2012 ലണ്ടൻ
സ്വപ്നം പൂവണിഞ്ഞു. ഓട്ടം മതിയാക്കിയിട്ടും ഉഷ ട്രാക്ക് വിട്ടിരുന്നില്ല. പിൻഗാമികളുണ്ടാകാൻ അവർ കൊതിച്ചു. പ്രയത്നിച്ചു. 2002ൽ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം. ലക്ഷ്യം ഒളിമ്പിക്സായിരുന്നു. മെഡലായിരുന്നു. തനിക്ക് കഴിയാത്തത് ശിഷ്യരാൽ നേടാൻ ഒരുങ്ങി. പത്തുവർഷത്തിനിപ്പുറം ഉഷയുടെ കീഴിൽ ഒളിമ്പ്യൻ ജനിച്ചു. കണ്ണൂർക്കാരി ടിന്റു ലൂക്ക. 800 മീറ്ററാണ് തട്ടകം. ലണ്ടനിൽ ടിന്റുവുമായാണ് ഉഷ എത്തിയത്. കാഴ്ചക്കാരിയായല്ല. ഗൗരവക്കാരിയായ പരിശീലകയായി. ടിന്റു ഹീറ്റ്സും കടന്ന് സെമിയിലേക്ക്. സെമിയിൽ കടുത്ത ഗ്രൂപ്പിലായിരുന്നു. നിർഭാഗ്യത്താൽ പുറത്തായി. പുതിയ കാലത്തെ മേളയായിരുന്നു ലണ്ടനിൽ. സ്റ്റേഡിയത്തിൽത്തന്നെ എല്ലാ സൗകര്യങ്ങളും. പ്രത്യേക ടെന്റിൽ ഐസ് ബാത്ത് ഉൾപ്പെടെ നടത്താം. ഒളിമ്പിക് ഗ്രാമത്തിലും മാറ്റമുണ്ടായി. കലാപരിപാടികൾ കൂടി. ക്യാന്റീനിനൊപ്പം കെഎഫ്സി ചിക്കൻപോലുള്ള സ്റ്റാളുകളും ഇടംപിടിച്ചു. യുസൈൻ ബോൾട്ട് വാണ ഒളിമ്പിക്സിൽ ഉഷയും ജമൈക്കക്കാരന്റെ കുതിപ്പ് കണ്ടു. എന്തൊരു വേഗമായിരുന്നു. ആവേശവും.
2016 റിയോ
ബ്രസീലിൽ എത്തുമ്പോൾ ഉഷയുടെ കൈപിടിച്ച് ഒരു പതിനെട്ടുകാരിയും ഉണ്ടായി. ജിസ്ന മാത്യു. ഉഷയുടെ ശിഷ്യഗണത്തിൽനിന്ന് ഒരാൾ കൂടി. 4x-400 മീറ്റർ റിലേയിൽ പക്ഷേ മുന്നേറാനായില്ല. ഹീറ്റ്സ് കടന്നില്ല. ടിന്റുവിന് പരിക്കിന്റെ പ്രശ്നമുണ്ടായി. പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. റിയോയിൽ ഉത്സവലഹരിയായിരുന്നു. എങ്ങും പാട്ടും നൃത്തവും. ലാറ്റിനമേരിക്കൻ പൈതൃകം നിറഞ്ഞ മേള. ഒളിമ്പിക് ഗ്രാമത്തിൽ കൂടുതൽ സൗകര്യങ്ങളുണ്ടായി. അത്ലീറ്റുകൾക്ക് ഓരോ ഒളിമ്പിക്സിനും എത്തുമ്പോൾ സമ്മാനം കിട്ടും. ആ നാടിന്റെ സംസ്കാരവും പാരമ്പര്യവും പ്രദർശിപ്പിക്കുന്ന എന്തെങ്കിലുമാകും. റിയോയിൽ ഇതുകൂടാതെ മൊബൈൽ ഫോണും നൽകി. ട്രാക്കിൽ ബോൾട്ടും നീന്തൽക്കുളത്തിൽ മൈക്കേൽ ഫെൽപ്സും വീണ്ടും ചക്രവർത്തിമാരായി. ടോക്യോയിൽ ഉഷയും കുട്ടികളുമില്ല, ഇത് അവസാനമല്ലെന്നും പാരീസിൽ കാണാമെന്നുമുള്ള ഉറപ്പുണ്ട് ഉഷയ്ക്ക്.