ന്യൂഡൽഹി> സെബി ആക്റ്റ് 24 എ വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് സെബിയുടെ അനുമതി നിർബന്ധമല്ലെന്ന് സുപ്രീംകോടതി. എന്നാൽ, ഈ വകുപ്പ് ചുമത്തുന്ന വിഷയത്തിൽ കോടതികളും സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലുകളും സെബിയുടെ ഉപദേശം തേടണമെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
സെബി ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചതിന് വിചാരണ നേരിടുന്ന പ്രകാശ് ഗുപ്ത നൽകിയ അപ്പീലിലാണ് സുപ്രീംകോടതി നിരീക്ഷണം. വാരാണസിയിലെ ഹോട്ടൽ ശൃംഖലയുടെ ഡയറക്ടറായ പ്രകാശ്ഗുപ്ത കമ്പനിയുടെ ഓഹരിവിൽപ്പനയിൽ ക്രമക്കേട് കാണിച്ച് നിക്ഷേപകരുടെ താൽപ്പര്യങ്ങൾ വഞ്ചിച്ചെന്നാണ് കേസ്.
സെബി ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തുന്നതിന് കോടതികൾക്കും സെക്യൂരിറ്റി അപ്പലേറ്റ് ട്രൈബ്യൂണലുകൾക്കും അധികാരമുണ്ട്.
എന്നാൽ, ഈ വിഷയത്തിൽ സെബി പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. സെബി ആക്റ്റ് പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് മുമ്പ് സെബിയുടെ അനുമതി നിർബന്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ അവകാശവാദം. സ്റ്റോക്ക്മാർക്കറ്റ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയുമാണ് സെബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെക്യൂരിറ്റീസ് ആൻഡ് എക്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കർത്തവ്യം.