കോട്ടയം > സംസ്ഥാന സർക്കാരിന്റെ ആസുത്രണ ബോർഡ് പുനഃസംഘടനയിലൂടെ ജില്ലയിലെ മരങ്ങാട്ടുപിള്ളി ഗ്രാമത്തിനും അഭിമാന നിമിഷം. സഞ്ചാരത്തിലൂടെ ലോക ശ്രദ്ധയിലേക്കെത്തിയ സന്തോഷ് ജോർജ് കുളങ്ങരയുടെ ശബ്ദം ഇനി സംസ്ഥാനത്തിന്റെ ആസൂത്രണ രേഖയിൽ പതിയും. ബോർഡിലെ പാർട് ടൈം വിദഗ്ധ അംഗമായി സന്തോഷിനെയും സർക്കാർ ഉൾപ്പെടുത്തി.
വിനോദസഞ്ചാരം, മാലിന്യനിർമാർജനം, നഗരാസൂത്രണം എന്നിവയിലെല്ലാം എണ്ണമറ്റ ലോക അനുവങ്ങൾ ഈ വേദിയിൽ പങ്കുവയ്ക്കാമെന്ന് പ്രതീക്ഷിക്കുന്നതായി സന്തോഷ് ‘ദേശാഭിമാനി’യോട് പറഞ്ഞു. ‘സിംഗപ്പൂരും ജപ്പാനുമെല്ലാം ലോകത്തിന് എത്രയോ പാഠങ്ങൾ നൽകുന്നു. അവയെ സ്വായത്തമാക്കാൻ നമുക്കാകണം. അതിന് കഴിയും ’. സന്തോഷ് പറയുന്നു.
വികസിത രാജ്യങ്ങൾക്കൊപ്പം കേരളത്തെ ഇനിയും മുന്നോട്ടുനയിക്കാൻ 130 ലധികം രാജ്യങ്ങളിൽനിന്ന് ആർജിച്ച അറിവുകൾ ഔപചാരികമായി സ്വരൂപിക്കാൻ സമിതിക്കാകും. ലോകം ഗ്രാമമായി ചുരുങ്ങുന്ന കാലത്ത് ഇത് വലിയ മുതൽകൂട്ടുതന്നെ.
ഏഴ് ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ച് ദൃശ്യങ്ങൾ പഠനാർഹമാകുംവിധം ക്യാമറയിലാക്കിയിട്ടുള്ളവർ ലോകത്തുതന്നെയില്ല. ഷൂട്ടിങ്, എഡിറ്റിങ് റെക്കോഡിങ് എന്നിവ തനിയെ ചെയ്ത് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിലും സന്തോഷ് ഇടംനേടി.
ഇന്ത്യൻ പതാക ചന്ദ്രനിൽ സ്ഥാപിച്ച ‘ ചന്ദ്രയാൻ ’ കഥ പറഞ്ഞ് സിനിമാരംഗത്തും കൈയൊപ്പിട്ടു. ഇതിന്റെ നിർമാണവും സംവിധാനവും സ്വയം ഏറ്റെടുത്തു. ബഹിരാകാശ യാത്രയും ഈ ഗ്രാമീണന്റെ സ്വപ്നമാണ്. യുകെ ആസ്ഥാനമായ വെർജിൻ ഗാലക്റ്റിക്സിന്റെ ബഹിരാകാശ പരിപാടിയിൽ അംഗമായ മറ്റ് ഇന്ത്യാക്കാരനില്ല.
കുറവിലങ്ങാട് ദേവമാതാ കോളേജിലെ ബിരുദ പഠനത്തിന് ശേഷം മധുര കാമരാജ് സർവകലാശാലയിൽനിന്നും ജേർണലിസം ആർഡ് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. 1997ൽ വിദേശയാത്ര തുടങ്ങി. 2001ൽ സഞ്ചാരം പരിപാടിയിലൂടെ ദൃശ്യമാധ്യമ രംഗത്ത്. ‘ സഫാരി ’ ടിവി സ്ഥാപകനും എംഡിയുമാണ്. സാഹിത്യ അക്കാദമി അവാർഡടക്കം ലഭിച്ച നിരവധി യാത്രാവിവരണ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
ഭാര്യ: സോൻസി. മക്കൾ: സരിക, ജോർജ്. വി ജെ ജോർജ് കുളങ്ങരയുടെയും റോസമ്മയുടെയും മൂത്ത മകൻ.