കൊച്ചി
കളമശേരിയിലെ തോൽവിക്ക് പിന്നാലെ വി കെ ഇബ്രാഹിംകുഞ്ഞിനും സംസ്ഥാന നേതൃത്വത്തിനുമെതിരായ പ്രതിഷേധം പരസ്യമാക്കി കൂടുതൽപ്പേർ ലീഗിന് പുറത്തേക്ക്. ജില്ലയിലെ സംഘടനാപ്രശ്നങ്ങൾ പരിഹരിക്കാത്തതും ഇബ്രാഹിംകുഞ്ഞിനും മകനുമെതിരായ പരാതികളിൽ നടപടിയെടുക്കാത്തതുമാണ് പൊട്ടിത്തെറിക്ക് കാരണം. വരും ദിവസങ്ങളിൽ ലീഗിന്റെ സ്വാധീനമേഖലകളിൽ കൂടുതൽപ്പേർ പാർടി വിട്ടേക്കും.
ഏറ്റവുമൊടുവിൽ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പി എം ഹാരിസിന്റെ നേതൃത്വത്തിലാണ് ഒരുകൂട്ടം നേതാക്കൾ പാർടി വിട്ടത്. രണ്ടുവിഭാഗങ്ങളുടെ കൈകളിലാണ് ജില്ലയിലെ പാർടിയെന്ന് രാജിവച്ചവർ ആരോപിച്ചു. എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് ഡി രഘുനാഥ് പനവേലി, ജില്ലാ സെക്രട്ടറിമാരായ എം എൽ നൗഷാദ്, കെ എ സുബൈർ, ഷംസു പറമ്പയം തുടങ്ങിയവർ പാർടി വിട്ട പ്രമുഖരിൽ ഉൾപ്പെടും.
നേരത്തെ, സംസ്ഥാന കൗൺസിൽ അംഗം എ എം അബൂബക്കർ കൈതപ്പാടൻ ലീഗ് ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. കെഎംഎം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയർമാനും മാനേജിങ് ട്രസ്റ്റിയുമാണ് അദ്ദേഹം. ഏതാനും പ്രധാന പ്രവർത്തകരും അദ്ദേഹത്തോടൊപ്പം പാർടി വിട്ടു. ജില്ലാ കമ്മിറ്റിയിൽ വിമതപക്ഷത്തിനാണ് ഭൂരിപക്ഷമെങ്കിലും സംസ്ഥാന നേതൃത്വത്തിലുള്ള സ്വാധീനമുപയോഗിച്ച് പ്രധാന തീരുമാനങ്ങളെടുത്തിരുന്നത് ഇബ്രാഹിംകുഞ്ഞാണ്. ലീഗിൽ അംഗത്വം പോലുമില്ലാത്ത മകൻ അബ്ദുൾ ഗഫൂറിനെ ജില്ലാ ജനറൽ സെക്രട്ടറിയാക്കി. അതിനായി വിമതപക്ഷത്തെ ചിലരുമായി ഇബ്രാഹിംകുഞ്ഞുണ്ടാക്കിയ നീക്കുപോക്ക് വിരുദ്ധചേരിയിലും വിള്ളലുണ്ടാക്കി. കളമശേരിയിൽ ഇബ്രാഹിംകുഞ്ഞ് മത്സരിക്കുന്നതിന് തടയിടാൻ വിമതപക്ഷത്തിനായെങ്കിലും മകന്റെ സ്ഥാനാർഥിത്വത്തിൽ കണ്ണടയ്ക്കേണ്ടിവന്നു. അതിലുള്ള പ്രതിഷേധം തെരഞ്ഞെടുപ്പുകാലത്ത് പരസ്യമായില്ലെങ്കിലും പരാജയത്തിന്റെ പേരിൽ വിമതനേതാക്കളെയാകെ പ്രതിയാക്കി ഇബ്രാഹിംകുഞ്ഞ് നേതൃത്വത്തിന് പരാതി നൽകി. അതിൽ അച്ചടക്കനടപടി ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിൽക്കൂടിയാണ് പ്രതിഷേധം പരസ്യമാക്കി കൂടുതൽപ്പേർ പാർടി വിടുന്നത്.
ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസിലും നേതാക്കൾക്കെതിരെ വ്യാജരേഖയുണ്ടാക്കിയ കേസിലും ഉൾപ്പെടെ ഇബ്രാഹിംകുഞ്ഞിനും മകനുമെതിരായ പരാതികൾ നേതൃത്വത്തിന്റെ പക്കലുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിനുശേഷം അതിൽ നടപടിയെടുക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന് കിട്ടിയിരുന്ന ഉറപ്പ്. മാസങ്ങൾ കഴിഞ്ഞിട്ടും അനക്കമില്ല. അതേസമയം, ഇബ്രാഹിംകുഞ്ഞിന്റെ പരാതിയിൽ വിമതപക്ഷത്തിനെതിരെ നടപടിയും അണിയറയിലുണ്ട്. സംഘടനയെ കൈപ്പിടിയിലൊതുക്കാൻ ഇരുപക്ഷവും നടത്തുന്ന നീക്കുപോക്കുകളിൽ വലിയൊരു വിഭാഗം പ്രതിഷേധത്തിലാണ്. അബ്ദുൾ ഗഫൂറിന്റെ സ്ഥാനാർഥിത്വ പ്രശ്നത്തിൽ ഒത്തുതീർപ്പുണ്ടാക്കിയതും അമർഷം പുകയാൻ ഇടയാക്കി. ഇബ്രാഹിംകുഞ്ഞിനും മകനുമെതിരായ പരാതികളിൽ അതിവേഗം നടപടിയുണ്ടായില്ലെങ്കിൽ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് സൂചന.