പെരിന്തൽമണ്ണ
സ്പൈനൽ മസ്കുലാർ അട്രോഫി രോഗം ബാധിച്ച് മരിച്ച അങ്ങാടിപ്പുറം വലമ്പൂർ കുളങ്ങരത്തൊടി ഇമ്രാൻ മുഹമ്മദിന്റെ ചികിത്സാ സഹായ നിധി എന്തുചെയ്യണമെന്ന കാര്യത്തിൽ അനശ്ചിതത്വം. ഇതുവരെ 16,26,66,482 രൂപയാണ് മങ്കട ഫെഡറൽ ബാങ്കിൽ ആരംഭിച്ച ചികിത്സാ സഹായ ഫണ്ടിൽ ലഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇമ്രാൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. ഇതോടെ ഇത്രയും വലിയ തുക എങ്ങനെ വിനിയോഗിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വമായി.
സഹായനിധിയിലേക്ക് പണം നൽകിയവരുടെ അക്കൗണ്ടിലേക്ക് തുക തിരിച്ച് നൽകണമെന്നാണ് ഇമ്രാന്റെ ഉപ്പ ആരിഫിന്റെ അഭിപ്രായം. എന്നാൽ, ഇത് എളുപ്പത്തിൽ സാധ്യമല്ല. ഇക്കാര്യത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർടി പ്രതിനിധികളും ഉൾപ്പെട്ട സഹായ കമ്മിറ്റിയുടെ നിലപാട് നിർണായകമാണ്. വ്യാഴാഴ്ച സഹായ കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. കമ്മിറ്റി ചെയർമാൻ മഞ്ഞളാംകുഴി അലി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ യോഗം നടന്നില്ല.
ഇതിനിടെ ഈ തുക അപൂർവ രോഗം ബാധിച്ച മറ്റ് കുട്ടികളുടെ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താനാവില്ലേ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സർക്കാർ വിശദീകരണവും ആരാഞ്ഞിട്ടുണ്ട്. അപൂർവ രോഗമുള്ളവരുടെ ചികിത്സയ്ക്ക് ഫണ്ട് രൂപീകരിക്കുന്നത് സംബന്ധിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
ഡെബിറ്റ് ഫ്രോസൺ അക്കൗണ്ടായാണ് ഫെഡറൽ ബാങ്കിൽ തുക നിക്ഷേപിച്ചത്. 18 കോടി തികയുംമുമ്പ് തുക പിൻവലിക്കാനാവില്ല. കുട്ടി മരിച്ച സാഹചര്യം ബാങ്കിനെ ബോധ്യപ്പെടുത്തിയാൽ ഇതിൽ ഇളവ് ലഭിക്കും. വിവിധ രോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കായി ഈ തുക നൽകുമോ എന്നറിയാൻ നിരവധി പേരാണ് ആരിഫിനെയും മറ്റ് ബന്ധുക്കളെയും ഫോണിൽ ബന്ധപ്പെടുന്നത്. കൂടുതലും സന്നദ്ധ സംഘടനകളാണ്. എന്നാൽ, ഇക്കാര്യത്തിൽ സഹായ കമ്മിറ്റി അന്തിമ നിലപാട് സ്വീകരിക്കുമെന്നാണ് ആരിഫ് ഇവരെ അറിയിച്ചത്.