കളമശേരി
ഹിൽ (ഇന്ത്യ) ലിമിറ്റഡിന്റെ ഏലൂർ യൂണിറ്റും പഞ്ചാബിലെ ഭട്ടിൻഡ യൂണിറ്റും അടച്ചുപൂട്ടാൻ മാനേജ്മെന്റ് നീതി ആയോഗിനോട് ആവശ്യപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അടച്ചുപൂട്ടൽ അല്ലാതെ മറ്റു മാർഗമില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. ഏലൂരിൽ കമ്പനിയുടെ കൈവശമുള്ള ഭൂമിയിൽ കുറച്ചുഭാഗം വിറ്റ് അടച്ചുപൂട്ടുന്ന യൂണിറ്റുകളിലെ ജീവനക്കാരുടെ ബാധ്യത തീർക്കാനാണ് നീക്കം. കമ്പനിയുടെ മഹാരാഷ്ട്ര രസായനി യൂണിറ്റ് നിലനിർത്തും.
കഴിഞ്ഞ സെപ്തംബറിൽ ഹിൽ (ഇന്ത്യ) ലിമിറ്റഡ് ആകെ അടച്ചുപൂട്ടാൻ കേന്ദ്ര രാസവളം രാസവസ്തു മന്ത്രാലയത്തോട് നീതി ആയോഗ് ആവശ്യപ്പെട്ടിരുന്നു.
ഇതെത്തുടർന്ന് ഏലൂരിൽ ട്രേഡ് യൂണിയനുകൾ സേവ് എച്ച്ഐഎൽ ഫോറം രൂപീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. കേരളത്തിലെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാ വ്യവസായസ്ഥാപനമാണ് ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്ഐഎൽ). ദക്ഷിണേന്ത്യയിലെ മലേറിയ വ്യാപനത്തെ തുടർന്ന് 1958ലാണ് ഏലൂരിൽ ഡിഡിടി ഉൽപ്പാദന യൂണിറ്റായി പ്രവർത്തനമാരംഭിച്ചത്. പിന്നീട് ബെൻസിൻ ഹെക്സോ ക്ലോറൈഡ് (ബിഎച്ച്സി), എൻഡോസൾഫാൻ എന്നിവയും ഉൽപ്പാദിപ്പിച്ചു.
1996ൽ ബിഎച്ച്സി പ്ലാന്റും 2011ൽ എൻഡോസൾഫാൻ പ്ലാന്റും പിന്നീട് ഡിഡിടി പ്ലാന്റും അടച്ചു. തുടർന്ന് നടപ്പാക്കിയ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി 2018ൽ ഹിൽ (ഇന്ത്യ) ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തിച്ചുവരികയാണ്. വൈവിധ്യവൽക്കരണത്തിലൂടെ പുതിയ ഉൽപ്പന്നങ്ങൾ ഇറക്കിയെങ്കിലും പ്രതിസന്ധി മറികടക്കാനായില്ല. ജീവനക്കാരുടെ ശമ്പളവും പിഎഫ് വിഹിതവും മുടങ്ങിയ നിലയിലാണ്. മുമ്പ് 1200 ജീവനക്കാർ ഉണ്ടായിരുന്നു. നിലവിൽ 105 ജീവനക്കാരും മുപ്പതോളം കരാർ ജീവനക്കാരുമാണുള്ളത്.
ഭൂമി വിറ്റ് മറ്റ് യൂണിറ്റുകളുടെ ബാധ്യത തീർക്കരുത്;- സേവ് എച്ച്ഐഎൽ ഫോറം
കമ്പനിയുടെ ഭൂമി വിൽപ്പനയിലൂടെ മറ്റ് യൂണിറ്റുകളുടെകൂടി ബാധ്യത തീർക്കാനുള്ള നീക്കത്തിൽനിന്ന് മാനേജ്മെന്റ് പിന്തിരിയണമെന്ന് സേവ് എച്ച്ഐഎൽ ഫോറം ആവശ്യപ്പെട്ടു. ഹിൽ (ഇന്ത്യ) ലിമിറ്റഡിന് ഏലൂരിൽ 32 ഏക്കറും പാതാളത്ത് 13 ഏക്കറുമുണ്ട്. 13 ഏക്കറിൽ നാല് ഏക്കർ സംസ്ഥാന സർക്കാരിന് അവകാശപ്പെട്ടതും ഒമ്പത് ഏക്കർ കേന്ദ്ര സർക്കാരിന്റേതുമാണ്.
ഒമ്പത് ഏക്കർ കേന്ദ്രസർക്കാർ സ്ഥാപനമായ സിപ്പറ്റിന് കൈമാറാനാണ് നീക്കം. കമ്പനിയുടെ സ്ഥലം വിറ്റുകിട്ടുന്ന തുക മറ്റുസംസ്ഥാനത്ത് നിക്ഷേപിക്കാതെ ഏലൂർ യൂണിറ്റ് പുനരുദ്ധരിക്കാൻ ഉപയോഗിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു. അടച്ചുപൂട്ടൽ അല്ലാതെ മറ്റുമാർഗമില്ലെങ്കിൽ ഇവിടത്തെ തൊഴിലാളികളെ എഫ്എസിടിയിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ജനറൽ കൺവീനർ കെ എൻ ഗോപിനാഥ് ആവശ്യപ്പെട്ടു.