കാബൂള്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഫ്ഗാനിസ്ഥാനില്‍ അമേരിക്ക വ്യോമാക്രമണം നടത്തിവരുന്നതായ വാര്ത്തകള് സ്ഥിരീകരിച്ച് പെന്റഗണ്‍. അഫ്ഗാനില്‍നിന്ന് യുഎസ്, നാറ്റോ സേനകളുടെ പിന്മാറ്റം ആരംഭിച്ചശേഷം രാജ്യത്തെ നാനൂറ് ജില്ലാകേന്ദ്രത്തില് പകുതിയോളവും താലിബാന് പിടിച്ചെടുത്തെന്ന് മുതിര്ന്ന യുഎസ് സൈനിക ജനറല് മാര്ക്ക് മില്ലി വെളിപ്പെടുത്തിയരുന്നു.
താലിബാനെതിരെ അഫ്ഗാന്സേനയെ സഹായിക്കാനാണ് ആക്രമണങ്ങള് നടത്തിയതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോൺ കെർബി പറഞ്ഞു. അഞ്ച് താലിബാന്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടുതല് വിവരങ്ങള് പുറത്തുവിടാന് യുഎസ് തയ്യാറായിട്ടില്ല. കഴിഞ്ഞ മുപ്പത് ദിവസത്തിനിടെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഏഴോളം വ്യോമാക്രമണം നടത്തിയെന്നും മിക്കതും ഡ്രോണ് ഉപയോഗിച്ചായിരുന്നു എന്നും സിഎന്എന് ആണ് വാര്ത്ത പുറത്തുവിട്ടത്.
അതേസമയം അഫ്ഗാനിസ്ഥാനില്‍ ഏകാധിപത്യഭരണം കൊണ്ടുവരാന് താല്പ്പര്യമില്ലെന്നും പ്രസിഡന്റ് അഷറഫ് ഗനിയുടെ സര്ക്കാര് രാജിവച്ചൊഴിയുന്നതുവരെ ആയുധം താഴെവയ്ക്കില്ലെന്നും താലിബാന് വക്താവ് സുഹാല് ഷഹിന് വ്യക്തമാക്കി. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയില് സായുധസംഘം നടത്തിയ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടതായി റിപ്പോര്ട്ടുണ്ട്. താലിബാനാണ് ആക്രമണം നടത്തിയതെന്നാണ് സര്ക്കാര് ആരോപിക്കുന്നത്.
അതിനിടെ ഇന്ത്യയിൽ സ്വകാര്യ സന്ദർശനം നടത്തുന്ന അഫ്ഗാൻ ദേശീയ ഐക്യ ഉന്നതസമിതി അധ്യക്ഷൻ അബ്ദുല്ല അബ്ദുല്ല വിദേശമന്ത്രി എസ് ജയ്ശങ്കറുമായി ചര്ച്ച നടത്തി.