ഹവാന
ബൈഡൻ ഭരണകൂടം തകർക്കാൻ ശ്രമിക്കുന്ന ക്യൂബയ്ക്ക് അമേരിക്കയിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ സഹായം. അമേരിക്കയിലെ ക്യൂബൻ ഐക്യദാർഢ്യ പ്രസ്ഥാനം 20 ലക്ഷം സിറിഞ്ച് നൽകി. കോവിഡ് പ്രതിരോധ കുത്തിവയ്പുകൾക്കായി 60 ലക്ഷം സിറിഞ്ചുകൂടി എത്തിക്കുമെന്ന് വാഷിങ്ടണിലെ ക്യൂബൻ എംബസിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ അറിയിച്ചു.
ഗ്ലോബൽ ഹെൽത്ത് പാർട്ട്നേഴ്സ് വഴിയാണ് സിറിഞ്ചുകൾ എത്തിച്ചത്. ക്യൂബയ്ക്കുള്ള സഹായത്തിനായി 5,00,000 ഡോളർ (ഏകദേശം 3.72 കോടി രൂപ) അമേരിക്കയിലെ വിവിധ സംഘടനകൾ സമാഹരിച്ചിട്ടുണ്ട്. മരുന്നുകളടക്കം സഹായം തുടരുമെന്ന് ക്യൂബൻ ഐക്യദാർഡ്യ പ്രവർത്തകൻ മെദിയ ബെഞ്ചമിൻ പറഞ്ഞു. അമേരിക്കൻ ഉപരോധം ശക്തമായതിനു പിന്നാലെ വിവിധ മേഖലകളിൽനിന്ന് ക്യൂബയ്ക്ക് സഹായം പ്രവഹിക്കുന്നുണ്ട്. സഹായങ്ങൾക്ക് ക്യൂബൻ പ്രസിഡന്റ് മിഗേൽ ദിയാസ് -കനേൽ നന്ദി അറിയിച്ചു.