ന്യൂഡൽഹി
ഇസ്രയേൽ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ ഇന്ത്യയിൽ വ്യാപകമായ അതേ കാലയളവിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ വാർഷിക ബജറ്റിൽ ഉണ്ടായത് പത്തിരട്ടി വർധന. ബജറ്റിൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയറ്റ് (എൻഎസ്സിഎസ്) വിഭാഗത്തിലാണ് ഈ ചെലവ് വരുന്നത്. 2016–-17 ബജറ്റിൽ അനുവദിച്ചത് 33.17 കോടി രൂപമാത്രം. എന്നാൽ, 2017–-18ൽ ഇത് 333.58 കോടിയായി. ഇതിൽ 300 കോടിയും നീക്കിവച്ചത് സൈബര്സുരക്ഷാ വികസനവും ഗവേഷണവും എന്ന പേരില്.
ഇസ്രയേലി കമ്പനിക്ക് നൂറുകണക്കിന് കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ട വേളയിലാണ് സുരക്ഷാ ഉപദേഷ്ടാവിനുള്ള ബജറ്റ് വിഹിതം കുതിച്ചുയര്ന്നതെന്ന് സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. ബജറ്റ് രേഖകളും പുറത്തുവിട്ടു. ഇന്ത്യയിൽ പെഗാസസ് ചോർത്തൽ ആരംഭിച്ചത് 2017 മുതലാണെന്ന് ആംനെസ്റ്റി ഇന്റർനാഷണലും ഫ്രഞ്ച് മാധ്യമസ്ഥാപനമായ ഫോർബിഡൻ സ്റ്റോറീസും കണ്ടെത്തിയിരുന്നു. എൻഎസ്സിഎസിനുള്ള ബജറ്റ് വിഹിതം പത്തിരട്ടിയായത് 2017–-18ലാണെങ്കിലും ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് 2018–-19ലാണ്(-812.32 കോടി). 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പുള്ള കാലയളവാണിത്. ഈ ഘട്ടത്തില് പ്രതിപക്ഷ നേതാക്കളുടെ ഫോൺ വ്യാപകമായി ചോർത്തപ്പെട്ടുവെന്ന് ആംനെസ്റ്റി കണ്ടെത്തി. 2017 മുതൽ 2019 പകുതിവരെ ഇന്ത്യയിൽ മുന്നൂറിലേറെ ഫോണ് ചോര്ത്തി.