തിരുവനന്തപുരം > ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ്വയറിലുടെ വിവരങ്ങൾ ചോർത്തിയെടുക്കാൻ ഇന്ത്യ ഉൾപ്പെടെയള്ള രാജ്യങ്ങൾ ചെലവഴിക്കുന്നത് ഭീമമായ തുക. ഒരു ഫോണിൽ നിന്നും നിശ്ചിതകാലയളവിലേക്ക് വിവരം ചോർത്താൻ ശരാശരി അഞ്ച് മുതൽ ആറ് കോടി രൂപ വരെയാകുമെന്നാണ് റിപ്പോർട്ട്. ഉപഭോക്താക്കളായ രാജ്യങ്ങളിലെ ഏജൻസികളിൽ നിന്ന് മൂന്നുതലങ്ങളായാണ് ചോർത്തലിന് ചാർജ്ജ് നിശ്ചയിച്ചിരിക്കുന്നത്. സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യൽ, വിവരകൈമാറ്റം, പാരിപാലന ചെലവ് എന്നിങ്ങനെ.
ചോർത്തുന്ന ഫോണുകളുടെ എണ്ണത്തിനനുസരിച്ച് ഒരു നിശ്ചിത കാലയളവിലേക്കാ് തുക നൽകേണ്ടത്. അതിന് ശേഷം പുതുക്കാനായി വീണ്ടും വൻതുക നൽകണം. എന്നാൽ നിശ്ചിത കാലയളവ് എത്രയെന്ന് എൻഎസ്ഒ ഗ്രൂപ്പ് വ്യക്തമാക്കുന്നില്ല. ഒരു വർഷത്തിൽ കുറഞ്ഞതാണ് നിശ്ചിത കാലയളവ്. ചാര സ്ഫോറ്റ്വയർ ഒരു ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ മാത്രം വാങ്ങുന്നത് അഞ്ച് ലക്ഷം ഡോളറാണ് (3.72 കോടി രൂപ). ഇതുകൂടാതെ ഫോണിലെ വിവരങ്ങൾ ലഭിക്കാനും പ്രത്യേകമായി പണം നൽകണം. ഫോണുകൾ അനുസരിച്ച് വിവര വിലയിൽ വ്യത്യാസമുണ്ട്. 10 ഐ ഫോണോ അല്ലെങ്കിൽ ആൻഡ്രോയിഡ് ഫോണിൽ നിന്നോ ചോർത്തിയ വിവരം നൽകാൻ ഈടാക്കുന്നത് 6.5 ലക്ഷം ഡോളറാണ് (4.83 കോടി രൂപ).
അതേസമയം അഞ്ച് ബ്ലാക്ക്ബെറി പാക്കേജിന് 5 ലക്ഷം ഡോളറും (3.72 കോടി രൂപ), അഞ്ച് സിംബിയൻ ഫോണുകൾക്ക് 3 ലക്ഷം ഡോളറും (2.23 കോടി രൂപ) നൽകണം. ഇതിനെല്ലാം പുറമേ വാർഷിക പരിപാലന ചാർജ്ജും നൽകണം. ആകെ നൽകുന്ന തുകയുടെ 17 ശതമാനമാണ് വാർഷിക പരിപാലന ഫീസ്. കൂടുതൽ ഫോണുകൾ ചോർത്തണമെങ്കിൽ അതിനനുസരിച്ച് അധിക തുകയും.
അധിക തുക
ഫോണിന്റെ എണ്ണം തുക
100–- 8 ലക്ഷം ഡോളർ (5.95 കോടി )
50–- 5 ലക്ഷം ഡോളർ (3.72 കോടി )
20–- 2.5 ലക്ഷം ഡോളർ (1.86 കോടി)
10 –- 1.5 ലക്ഷം ഡോളർ (1.11 കോടി )
ഒരു ഫോണിന് 5 കോടിയിലേറെ
ഒരു ഫോൺ ചോർത്താൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ചെലവഴിക്കുന്നത് 5 കോടിയിലേറെ രൂപയാണ് (67.80 ലക്ഷം ഡോളർ). ഇൻസ്റ്റാൾ ചെയ്യാൻ 3.72 കോടി രൂപ, വിവരങ്ങൾ ലഭിക്കാൻ ഐ ഫോൺ / ആൻഡ്രോയിഡ്–- 48.33 ലക്ഷം രൂപ. 17 ശതമാനം പരിപാലന നിരക്ക് അടക്കമുള്ള തുക 5 കോടി കടക്കും. സിംബിയൻ ഫോണുകളാണെങ്കിൽ 4.16 കോടി രൂപ വരും. ബ്ലാക്ക്ബെറിക്ക് 5.35 കോടി രൂപയും. ഇന്ത്യയിൽ 2017മുതൽ 2019വരെ ഇതുവരെ പുറത്തുവന്ന കണക്ക് പ്രകാരം ഏകദേശം മുന്നൂറോളം പേരുടെ ഫോൺ ചോർത്തിയിട്ടുണ്ട്. 300 ഫോൺ നിശ്ചിത കാലയളവിലേക്ക് ചോർത്താൻ കുറഞ്ഞത് 1500 കോടി രൂപയെങ്കിലും വേണം. കാലയളവ് നീട്ടുന്നതിനനുസരിച്ച് തുകയും കൂടും.
വൻതുക ഈടാക്കുന്നതായി സമ്മതിച്ച് എൻഎസ്ഒ ഗ്രൂപ്പും
ചോർത്തലിനായി വൻതുക ഈടാക്കുന്നുണ്ടെന്ന് എൻഎസ്ഒ ഗ്രൂപ്പ് തന്നെ സമ്മതിക്കുന്നു. 10 ഉപഭോക്താക്കളെ നഷ്ടമായതിലൂടെ 10 കോടിഡോളർ (744.4 കോടി രൂപ) നഷ്ടപ്പെട്ടുവെന്ന് അടുത്തിടെ പുറത്തിറക്കിയ ‘സുതാര്യത, ഉത്തരവാദിത്ത റിപ്പോർടി’ൽ പറയുന്നു. 10 ഇടപാടുകൾ തുടക്കത്തിൽ തന്നെ നിരസിച്ചതിലൂടെ 30 കോടി ഡോളറിന്റെ (2233 കോടി രൂപ) നഷ്ടമുണ്ടായതായും റിപ്പോർട്ടിലുണ്ട്.
40 രാജ്യങ്ങളിലായി 60 ഉപഭോക്താക്കളാണ് പെഗാസസ് ചാര സ്ഫോറ്റ്വയർ ഉപയോഗിക്കുന്നത്. ഇതിൽ 51 ശതമാനവും ഇന്റലിജൻസ് ഏജൻസികളാണ്. 38 ശതമാനം സുരക്ഷ ഏജൻസികളും 11 ശതമാനം സൈന്യവുമാണ്.