തിരൂർ> ഭാരതപുഴയിൽ പുറത്തൂർ കളൂർ എവിഎസ് കടവിൽ നിന്നും യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പുഴയിൽ ഒഴുകി വരുകയായിരുന്ന മൃതദേഹം നാട്ടുകാർ കരയിലേക്ക് എടുക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല
ബുധനാഴ്ച വൈകിട്ട് കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരു യുവാവ് ഭാരതപുഴയിലേക്ക് ചാടിയിരുന്നു. രണ്ട് ദിവസമായി ഈ യുവാവിനായി പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ദേശിയ ദുരന്തനിവാരണ സേന , തിരൂർ, പൊന്നാനി ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥർ പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് ദിവസമായി തിരച്ചിൽ നടത്തിയത്.
യുവാവ് പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും ലഭിച്ച ബാഗിൽ ‘ എറണാകുളം വൈറ്റില സ്വദേശിയായ മിലൻ (30) ൻ്റ പാസ്പോർട്ട് അടക്കം നിരവധി രേഖകൾ ലഭിച്ചിരുന്നു. എന്നാൽ പുഴയിലേക്ക് ചാടിയത് ഇയാളാണോ എന്ന് സ്ഥിരീകരിച്ചിരുന്നില്ല.
ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ പുറത്തൂരിൽ മുതദേഹം കണ്ടെത്തുന്നത്. തിരൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.